കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് റെഡിയാക്കാം ! 50000 രൂപ വാങ്ങിനല്‍കാമെന്നു പറഞ്ഞ് മരണവീടുകളില്‍ എത്തി നടത്തുന്ന തട്ടിപ്പ് ഇങ്ങനെ…

കോവിഡ് ബാധിതനായി മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് തരാമെന്നും ഇതുവഴി 50000 രൂപ സര്‍ക്കാരില്‍ നിന്നു സഹായധനം ലഭ്യമാകുമെന്നും പറഞ്ഞ് മരണവീട്ടിലെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു.

ചിറയിന്‍കീഴ് മേഖല കേന്ദ്രീകരിച്ച് അടുത്തിടെ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം മരിച്ചവരുടെ വീടുകള്‍ കയറിയിറങ്ങിയാണു ഒരുകൂട്ടര്‍ റജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ക്കായി മുന്‍കൂറായി തുക കൈപ്പറ്റി മുങ്ങുന്നത്.

സാധാരണ മരണങ്ങള്‍ പോലും കോവിഡ് മരണങ്ങളാക്കി മാറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണു വാഗ്ദാനം. ഒട്ടേറെപ്പേര്‍ ഇവരുടെ ചതിക്കുഴിയില്‍ അകപ്പെട്ടതായാണ് വിവരം.

കഴിഞ്ഞയാഴ്ച ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാലകുന്നു സ്വദേശിയായ വയോധിക മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണു കോവിഡ് ധനസഹായ തട്ടിപ്പിന്റെ വിവരം അറിയുന്നതിന് വഴിയൊരുക്കിയത്.

അസുഖം കൂടിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വയോധികയെ വീണ്ടും തുടര്‍ ചികിത്സ നല്‍കാനായി ചിറയിന്‍കീഴിലെ പാലിയേറ്റീവ് കേന്ദ്രത്തിലെത്തിച്ചെങ്കിലും ഇക്കഴിഞ്ഞ 22നു മരണമടഞ്ഞു.

തുടര്‍ന്നു കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു അധികൃതര്‍ ലാബിനു കൈമാറിയിരുന്നു. പിറ്റേന്നു പരിശോധനാഫലം വാങ്ങാനെത്തിയ ബന്ധുക്കളോടു ഫലമറിയാന്‍ ഒരുദിവസം കൂടി വൈകുമെന്നറിയിച്ചത് ഇരുവിഭാഗവുമായി തര്‍ക്കത്തിനു വഴിയൊരുക്കി.

ഇതിനിടെയാണു കബളിപ്പിക്കല്‍ സംഘത്തില്‍പ്പെട്ടതെന്നു കരുതുന്ന ഒരാളെത്തി അടുത്ത ബന്ധുവിനെ സമീപിച്ചു നിലവില്‍ പരിശോധനാഫലം നെഗറ്റീവാണെന്നും പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാമെന്നും സര്‍ക്കാരില്‍ നിന്നു 50,000രൂപ ലഭിക്കുമെന്നും വാഗ്ദാനം നല്‍കിയത്.

ജഡം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനുള്ള ഉറപ്പും ഇവര്‍ നല്‍കി. ഇതിനിടെ ബന്ധുക്കളില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ തട്ടിപ്പുസംഘത്തിലുള്ളവര്‍ സ്ഥലത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു.

ടെസ്റ്റ് ഫലം ലഭിക്കുന്നതിനു മുന്‍പു വയോധികയുടെ പരിശോധനാഫലം നെഗറ്റീവാണെന്നു തട്ടിപ്പു സംഘത്തില്‍പ്പെട്ടവര്‍ അറിയിച്ചതാണു സംശയങ്ങള്‍ക്ക് ഇടയാക്കിയതും തട്ടിപ്പു വെളിച്ചത്തായതും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിര്‍ധന കുടുംബങ്ങളെ ലക്ഷ്യമിട്ടു റജിസ്‌ട്രേഷന്‍ ഇനത്തില്‍ മുന്‍കൂര്‍ തുക കൈപ്പറ്റി ഒട്ടേറെ പേരെ സംഘം കബളിപ്പിച്ചു കടന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Related posts

Leave a Comment