ഈ കരിമ്പൂച്ചകള്‍ക്ക് ലക്ഷ്യംതെറ്റില്ല, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സ്‌പെഷ്യല്‍ ഫോഴ്‌സുകളിലൊന്നായ ഇന്ത്യയുടെ സ്വന്തം എന്‍എസ്ജി കമാന്‍ഡോകളെക്കുറിച്ചറിയാം

nsg650ഇന്ത്യയുടെ സ്‌പെഷ്യല്‍ ഫോഴ്‌സുകളില്‍ ഒന്നാം സ്ഥാനം, ലോകത്തെ ഏറ്റവും മികച്ച അഞ്ച് സ്‌പെഷ്യല്‍ ഫോഴ്‌സുകളില്‍ ഒന്ന്. ഈ വിശേഷണങ്ങളില്‍ ഒതുങ്ങുന്നതല്ല എന്‍എസ്ജി അഥവാ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഇന്ത്യയ്ക്കു നല്‍കിയ സംഭാവനകള്‍. മുംബൈ ഭീകരാക്രമണമുള്‍പ്പെടെയുള്ള ഒട്ടേറെ സംഭവങ്ങളില്‍ എന്‍എസ്ജിയുടെ രക്ഷാപ്രവര്‍ത്തനമാണ് രാജ്യത്തിന് തുണയായത്. ഇന്ത്യയുടെ അഭിമാനമായ എന്‍എസ്ജിയുടെ പ്രവര്‍ത്തനങ്ങള്‍ അറിയാം.

1984ല്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ ചുവടുപിടിച്ചായിരുന്നു അതേ വര്‍ഷം എന്‍എസ്ജി രൂപീകരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ആഭ്യന്തര പ്രശ്‌നങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതായിരുന്നു ഉദ്ദേശ്യം. അതിനാല്‍ തന്നെ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാണ് ഈ സേനാ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

യഥാര്‍ഥത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായി തീവ്രവാദവിരുദ്ധ സേനകളിലൊന്നായ ജര്‍മനിയുടെ ജിഎസ്ജി-9 സേനയുടെ മാതൃകയിലായിരുന്നു എന്‍സ്ജിയുടെ രൂപീകരണം.എന്‍എസ്ജി എന്നു പൊതുവായി പറയുന്നെങ്കിലും പ്രവര്‍ത്തനത്തിലെ വ്യത്യാസമനുസരിച്ച്  സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ്(എസ്എജി), സ്‌പെഷ്യല്‍ റേഞ്ചേര്‍സ് ഗ്രൂപ്പ്(എസ്ആര്‍ജി) എന്നു രണ്ടു വിഭാഗമായി തിരിക്കുന്നു.  എഎസ്ജിയുടെ 54 ശതമാനം കൈയ്യാളുന്ന എസ്എജിയാണ് കൂടുതല്‍ പ്രാധാന്യം. ഇന്ത്യന്‍ കരസേനയില്‍ നിന്നുമാണ് എസ്എജിയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.  ബിഎസ്എഫ്, സിആര്‍പിഎഫ്, ഐടിബിപി, ധ്രുതകര്‍മസേന എന്നീ കേന്ദ്രസേനകളില്‍ നിന്നും  ഡെപ്യൂട്ടേഷനില്‍ വരുന്ന ഉദ്യോഗസ്ഥരാണ് എസ്ആര്‍ജിയിലെ അംഗങ്ങള്‍. എസ്എജിയെ സഹായിക്കുകയാണ് എസ്ആര്‍ജി സേനാംഗങ്ങളുടെ പ്രധാന ചുമതല. നിലവില്‍ എന്‍എസ്ജിയില്‍ ആകെ 14500ല്‍ അധികം അംഗങ്ങളുണ്ടെന്നാണ് കണക്ക്
ns-1650
എന്‍എസ്ജി അംഗങ്ങളെ പൊതുവെ ബ്ലാക് ക്യാറ്റ്‌സ് എന്നാണു വിളിക്കാറുള്ളത്. കറുത്ത നിറത്തില്‍ ശരീരം മുഴുവന്‍മൂടുന്ന യൂണിഫോമും അതിലുള്ള കരിമ്പൂച്ചയുടെ ചിഹ്നവും ഇവര്‍ക്ക് ഈ പേരു നല്‍കുന്നു. മൂന്നുമാസമാണ് പ്രാഥമീക ട്രെയിനിംഗ്. ഈ ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് എന്‍എസ്ജിയില്‍ എടുക്കുന്നത്. ഇവര്‍ക്ക് ഒമ്പതുമാസം നീണ്ടുനില്‍ക്കുന്ന അത്യാധുനീക പരിശീലനം നല്‍കുന്നു. ഇക്കാലയളവില്‍ നല്‍കുന്ന ട്രെയിനിംഗ് ഏത് പ്രതികൂല സാഹചര്യളെയും അതിജീവിക്കാന്‍ ഇവരെ പ്രാപ്തരാക്കുന്നു. ഫിലിപ്പീന്‍സുകാരുടെ പരമ്പരാഗത ആയോധനകലയായ പെകിതി- ടിര്‍സിയ കാലി ഉള്‍പ്പെടെയുള്ള ആയോധന കലകളും തടങ്ങള്‍ മറികടക്കാനുള്ള പരിശീലനങ്ങളും നല്‍കുന്നു. ഇത്രയും പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ പിന്നെ പ്രൊബേഷണറി പിരീഡാണ്. പാറകളില്‍ കൂടി പിടിച്ചുകയറുകയാണ് പ്രൊബേഷണറി പീരീഡിലെ പരിശീലനങ്ങളിലൊന്ന്. 50-70 ശതമാനം ആളുകളും ഈ ഘട്ടത്തില്‍ പരാജയമണയുന്നു. തലയെ ഉന്നം വയ്ക്കുന്ന പരിശീലനമാണ് മറ്റൊന്ന്.

ഒരേ സമയം രണ്ടാളുകള്‍ ഒരേ ടാര്‍ജറ്റ് ലക്ഷ്യം വയ്ക്കുന്നു. ലക്ഷ്യം കൃത്യമായി നിറവേറാനാണ് ഈ രീതി പരീക്ഷിക്കുന്നത്.ഒരാള്‍ ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുമ്പോള്‍ അയാളുടെ അടുത്ത് മറ്റൊരു അംഗംകൂടി ഉണ്ടാവും. പരിശീലനവേളകളില്‍ ബുള്ളറ്റ്പ്രൂഫ് മുതലായ സുരക്ഷാ കവചങ്ങളൊന്നും ഇവര്‍ ധരിക്കാറില്ല. ഒരു എന്‍എസ്ജി കമാന്‍ഡോ അയാളുടെ കരസേനാ ജീവിതത്തിലുടനീളം ഉതിര്‍ക്കുന്ന വെടികളേക്കാള്‍ ഏറെയാണ് സുരക്ഷാ ഭീഷണിയുള്ള സമയത്ത് ഉതിര്‍ക്കുന്നത്. രണ്ടു മാസത്തിനിടെ 140000 റൗണ്ട് വെടിയാണ് ഉതിര്‍ക്കുന്നത്. എന്‍എസ്ജിയില്‍ അംഗമായിരിക്കുന്ന ഒരാളുടെ ലക്ഷ്യം ഭേദിക്കുന്നതിലുള്ള കൃത്യത 85 ശതമാനത്തില്‍ കുറയാന്‍ പാടില്ല. ഈ സംഘത്തിലെ ചിലരെ അത്യാധുനീക പരിശീലനത്തിന് ഇസ്രയേലിലേക്ക് അയയ്ക്കാറുമുണ്ട്.

Related posts