ഓള്‍ഡ് ഈസ് ഗോള്‍ഡ്! സ്വാപ് ഷോപ്പിലേക്ക് സ്വാഗതം; ആവശ്യമുള്ളവര്‍ സാധനങ്ങള്‍ സൗജന്യമായി സ്വന്തമാക്കൂ…

old-is-goldകോട്ടയം: നിങ്ങളുടെ വീട്ടില്‍ ആവശ്യമില്ലെന്നു തോന്നുന്ന കളിപ്പാട്ടം, സ്കൂള്‍ ബാഗ്, ചെരിപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെയുണ്ടോ? അവയൊക്കെ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ തയാറാണോ?    എങ്കില്‍ നാളെ മുതല്‍ നിങ്ങളുടെ പക്കലുള്ള ഉപയോഗപ്രദമായ സാധനങ്ങള്‍ കോട്ടയം നഗരസഭ റെസ്റ്റ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള സ്വാപ് ശേഖരണ സംവിധാന കേന്ദ്രത്തിലേക്ക് കൈമാറാം. പുനരുപയോഗസാധ്യതയുള്ള പാത്രങ്ങള്‍, കുട, മേശ, കസേര, മെത്ത, തലയിണ, ടി.വി., മിക്‌സി, മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയവയൊക്കെ നല്‍കാം.

ശുചിത്വം, മാലിന്യസംസ്കരണം, ജലവിഭവം, ജൈവകൃഷി എന്നിവക്ക് പ്രാധാന്യം നല്‍കുന്ന പുതിയ വികസനപാതയിലേക്കുള്ള ചുവടുവെപ്പായ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് കോട്ടയം നഗരസഭ സ്വാപ് ഷോപ്പുകള്‍ സ്ഥാപിക്കുന്നത്.

വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമില്ലാത്ത പുനരുപയോഗപ്രദമായ വസ്തുക്കളും ഉത്പന്നങ്ങളും പൊതുസംവിധാനത്തിലൂടെ മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ ഉപയോഗപ്രദമാക്കി മൂല്യമുള്ള വസ്തുക്കള്‍ ആവശ്യക്കാരിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യക്കാര്‍ക്ക് സൗജന്യമായി എട്ടിനു റെസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന സ്വാപ് ഷോപ്പില്‍ നിന്ന് വസ്തുക്കള്‍ സ്വന്തമാക്കാം.

Related posts