ഇരിട്ടി: ഓൺലൈനിൽ ലാപ്ടോപ്പ് ഓഡർ ചെയ്ത കീഴ്പള്ളി സ്വദേശിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപ്പെട്ടു. 2,40,000 രൂപ വിലവരുന്ന ലാപ്ടോപ്പിനായി ക്വിക്കർ.കോം -ൽ അന്വേഷണം നടത്തിയ കീഴ്പ്പള്ളി സ്വദേശിക്കാണ് 2,00,299 രൂപ നഷ്ടമായത്.
മേയ് നാലിനാണ് ലാപ്ടോപ്പിനായി സൈറ്റിൽ അന്വേഷണം നടത്തിയത്. അന്നുതന്നെ ഡീലർ എന്ന് അവകാശപ്പെടുന്ന കാർത്തിക് എന്നയാൾ പരാതിക്കാരനെ ബന്ധപ്പെട്ടു. 2,40,000 വിലവരുന്ന ലാപ്ടോപ്പ് 18,000 രൂപയ്ക്ക് നൽകാമെന്നായിരുന്നു ഓഫർ. മുഴുവൻ തുകയും അടച്ച് ലാപ്ടോപ്പ് ലഭിച്ച ശേഷം 18,000 കിഴിച്ചുള്ള തുക തിരിച്ചുനൽകുമെന്നായിരുന്നു വ്യവസ്ഥ.
തുടർന്ന് പ്രീ ബുക്കിംഗിന് 6000 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് അക്കൗണ്ടന്റ് സ്നേഹ എന്ന യുവതി ഫോണിൽ ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലായി 2,00,299 രുപ ഗൂഗിൾ പേ വഴിയും അക്കൗണ്ട് ട്രാൻസ്ഫർ ആയും കൈപ്പറ്റുകയായിരുന്നു.
ലാപ്ടോപ്പ് കേരളത്തിൽ വായാട്ടുപറമ്പ് എത്തിയിട്ടുണ്ടെന്നും ഉടൻ ഡെലിവറി ലഭിക്കുമെന്നും ഡെലിവറി ബോയ് ഉൾപ്പെടെ പരാതിക്കാരന് ഫോൺ ചെയ്തിരുന്നു. പിന്നീട് പാർസൽ തിരിച്ചുപോയി എന്ന മെസേജാണ് ലഭിച്ചത്. തുടർന്ന് ഡീലറുമായി ബന്ധപ്പെട്ടപ്പോൾ പണം തിരികെ നൽകാമെന്നും അകൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്നും പറഞ്ഞ് കബിളിപ്പിച്ചതായാണു പരാതി.
പഞ്ചാബ് നാഷണൽ ബാങ്കിന്റെ ബീഹാറിലെ ബൗളിയ ബ്രാഞ്ചിൽ ഉജ്ജൽ കുമാർ എന്ന പേരിലുള്ള അകൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തത്. സംഭവത്തിൽ ഐടി നിയമപ്രകാരം ആറളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.