ഒടുവില്‍ ബിജെപി ആ സത്യം തിരിച്ചറിഞ്ഞു, മോദിയെ മുന്‍നിര്‍ത്തി യുപിയില്‍ ഭരണം പിടിക്കാനാകില്ല, പ്രചരണത്തിന് മോദിക്കു പകരം പ്രാദേശികനേതാക്കള്‍

modiബിഹാറില്‍ സംഭവിച്ച ദുരന്തം ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനുറച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതിയെ ആശ്രയിക്കുന്നതിനു പകരം പ്രാദേശികനേതാക്കളെ പ്രചാരണത്തില്‍ സജീവമാക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. വെറും 12 യോഗങ്ങളില്‍ മാത്രമാകും യുപിയില്‍ മോദി പ്രസംഗിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ അതേസമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെന്ന വാദമാണ് പാര്‍ട്ടി ഉയര്‍ത്തുന്നതെങ്കിലും യാഥാര്‍ഥ്യം അതല്ലെന്നാണ് റിപ്പോര്‍ട്ട്.

ബിഹാറില്‍ മോദിയെ മാത്രം മുന്നില്‍ നിര്‍ത്തി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പോലും പ്രഖ്യാപിക്കാതെയായിരുന്നു ബിജെപിയുടെ പ്രചരണം. 31 റാലികളിലാണ് അന്ന് പ്രധാനമന്ത്രി പ്രസംഗിച്ചത്. എല്ലാ റാലികളിലും വലിയതോതില്‍ ജനക്കൂട്ടം വന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ല. ഇതാണ് മോദിയെ അമിതമായി ആശ്രയിക്കാതെയുള്ള പ്രചരണത്തിന് ബിജെപിയെ പ്രേരിപ്പിക്കുന്നത്.

ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ടു വരെ ഏഴു ഘട്ടങ്ങളായിട്ടാണ് യുപി തെരഞ്ഞെടുപ്പ്. വിവിധ ചാനലുകള്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളില്‍ ബിജെപി യുപിയുടെ ഭരണം പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയായിരിക്കും മുഖ്യ എതിരാളികളെന്നാണ് പല സര്‍വേകളും ചൂണ്ടിക്കാട്ടുന്നത്. എസ്പിയിലെ കലഹം ബിജെപിക്ക് കൂടുതല്‍ സാധ്യത നല്കുന്നുവെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Related posts