ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടലിൽ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടതായി സൈന്യം ഇന്നു രാവിലെ അറിയിച്ചു.
രണ്ടുപേർ കുടുങ്ങിയതായി ചിനാർ കോർപ്സ് എക്സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള തീവ്രവാദികളാണ് ഇവർ. അടുത്തിടെയുണ്ടായ പഹൽഗാം ആക്രമണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ രാവിലെ അഖലിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യാന്വേഷണവിവരം ലഭിച്ചതിനെത്തുടർന്നാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ഭീകരർ സേനയ്ക്കുനേരേ വെടിയുതിർത്തതിനെത്തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെ ശ്രീനഗറിനു സമീപം “ഓപ്പറേഷൻ മഹാദേവ്’ എന്ന പേരിൽ സുരക്ഷാസേന വധിച്ചതിനു ദിവസങ്ങൾക്കു ശേഷമാണ് ഏറ്റുമുട്ടൽ. വ്യാഴാഴ്ച പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്കു സമീപം രണ്ടു ഭീകരരെ കൊന്നിരുന്നു. പാക്കിസ്ഥാനിൽനിന്ന് നുഴഞ്ഞുകയറിയവരാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു.