വേലിയേലിരുന്ന പാമ്പിനെയെടുത്ത് തോളേല്‍ വച്ച് ശ്രീരാമകൃഷ്ണന്‍; സ്പീക്കര്‍ക്ക് വയ്യാവേലിയായത് ഓഫീസിലെടുത്ത കോണ്‍ഗ്രസ് വിമതന്‍

sreem600മലപ്പുറം: വേലിയേലിരുന്ന പാമ്പിനെയെടുത്ത് തോളേല്‍ വച്ച അവസ്ഥയിലാണ് നിയമാസഭാ സ്പീക്കര്‍  പി. ശ്രീരാമകൃഷ്ണന്‍. ഹൈമാസ്റ്റ് ലൈറ്റും ഫലകവും തകര്‍ത്തതിന് സ്പീക്കറുടെ സ്റ്റാഫിനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.പൊന്മുണ്ടം പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് സുബൈര്‍ എളയോടത്തിന്റെ പരാതിയിലാണ് കല്‍പകഞ്ചേരി പോലീസ് കേസെടുത്തത്. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന വിമതകോണ്‍ഗ്രസ് വിഭാഗമായ പൊന്മുണ്ടം കോണ്‍ഗ്രസിന്റെ യുവജന നേതാവായ താണിക്കപ്പറമ്പില്‍ സതീഷ് കുമാറിനെ(28)തിരേയാണ്് കേസെടുത്തത്.

താനൂര്‍ വൈലത്തൂര്‍ ടൗണില്‍ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും സമീപത്ത് സ്ഥാപിച്ച മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പേര് രേഖപ്പെടുത്തിയ ഫലകവുമാണ് രാത്രിയില്‍ ഓട്ടോയിലെത്തി സതീഷ് തകര്‍ത്തത്.ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു സതീഷ് ഹൈമാസ്റ്റ് ലൈറ്റും ഫലകവും തകര്‍ത്തത്. തകര്‍ത്ത ശേഷം പ്രതി ഓട്ടോയില്‍ റെയില്‍വേ സ്‌റ്റേഷനിലെത്തുകയും തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു.ദൃക്‌സാക്ഷികള്‍ ഓട്ടോയുടെ നമ്പര്‍ നോക്കിവച്ചിരുന്നതാണ് സതീഷിന് വിനയായത്. ദൃക്‌സാക്ഷികള്‍ ഓട്ടോഡ്രൈവറെ തേടിപ്പിടിച്ചപ്പോഴാണ് ആളെ പിടികിട്ടിയത്. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയെങ്കിലും ആളു മുങ്ങിയിരുന്നു.

കേരളാ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഓഫീസിലെ ഡ്രൈവറാണ് സതീഷ്കുമാര്‍. എംഎല്‍എ ഹോസ്റ്റലില്‍ പ്രതി ഒളിവില്‍ കഴിയുകയാണെന്നും വി. അബ്ദുറഹ്മാന്‍ എംഎല്‍എ അടക്കമുള്ളവരാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സിപിഎമ്മും, ഡിവൈഎഫ്‌ഐയും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി പൊന്മുണ്ടത്തെ കോണ്‍ഗ്രസുകാര്‍ ലീഗിനെതിരേ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗില്‍ നിന്നും താനൂര്‍ മണ്ഡലം തിരിച്ചു പിടിച്ചതിലും പൊന്മുണ്ടം കോണ്‍ഗ്രസുകാര്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. ലീഗിനെതിരായ കുടിപ്പകയുടെ ഭാഗമാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ ഫലകവും ഹൈമാസ്റ്റ് ലൈറ്റും തകര്‍ത്തതിന്റെ പിന്നിലെന്നു കരുതുന്നു. ഈ സംഭവത്തിനെതിരേ  ശക്തമായ പ്രതിഷേധവുമായി മുസ്ലിംലീഗ് രംഗത്തെത്തിയിട്ടുണ്ട്.സിപിഎം പ്രവര്‍ത്തകരെ പരിഗണിക്കാതെ പൊന്മുണ്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്പീക്കറുടെ ഓഫീസിലേക്കു നിയമിച്ച അന്നു മുതല്‍  ഡിവൈഎഫ്‌ഐയ്ക്ക് കടുത്ത അമര്‍ഷത്തിലായിരുന്നു. ഇപ്പോള്‍ കൂടുതല്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

Related posts