വാക്കുകളില്ല, ഗംഭീരം! നിര്‍ബന്ധമായും കണ്ടിരിക്കേണ്ടത്; പാഡ്മാന് ജയസൂര്യയുടെ അഭിനന്ദനം; വ്യത്യസ്തമായ അവതരണരീതികൊണ്ട് ജയസൂര്യ വീണ്ടും ഞെട്ടിച്ചെന്ന് സോഷ്യല്‍മീഡിയയും ആരാധകരും

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ പാഡ് മാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ ചിത്രം ലോകത്തിന്റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രം റിലീസു മുന്‍പേ ലോകത്തിന്റെ കയ്യടി നേടിയിരുന്നു. ബോളിവുഡ് താരങ്ങളടക്കമുള്ളവര്‍ ചിത്രത്തിന് പലതരത്തിലുള്ള പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

സ്ത്രീകളുടെ ആര്‍ത്തവത്തെ പ്രമേയമാക്കി ആര്‍ ബാല്‍ക്കി സംവിധാനം ചെയ്ത ചിത്രമാണ് പാഡ്മാന്‍. ഏറ്റവും വില കുറഞ്ഞ രീതിയില്‍ ഗുണമേന്മയുള്ള നാപ്കിനുകള്‍ നിര്‍മ്മിച്ച് ലോക പ്രശംസ നേടിയ കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദിന്റെ ജീവിതമാണ് ചിത്രത്തിന്റെ ആധാരം. അരുണാചല്‍ മുരുഗാനന്ദനായി അക്ഷയ് കുമാറ് എത്തുമ്പോള്‍ ഭാര്യയായി രാധിക ആപ്‌തെയാണ് എത്തുന്നത്. സോനം കപൂറും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് പാഡ് മാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തെ അഭിനന്ദിച്ചു മലയാളികളുടെ പ്രിയപ്പെട്ട താരം ജയസൂര്യ രംഗത്തെത്തിയതാണ് കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാഡ്മാനെ കുറിച്ചുള്ള അഭിപ്രായം പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം പോലെ തന്നെയാണ് ജയസൂര്യയും. അല്‍പം വ്യത്യസ്തമായാണ് ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചിരിക്കുന്നത്. സാനിറ്ററി നാപ്കിന്നില്‍ അമേസിംഗ് എന്ന് എഴുതി, അത് കൈയ്യില്‍ പിടിച്ചിരിക്കുന്ന ജയസൂര്യയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

നിരവധി അംഗീകാരങ്ങള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞ പാഡ്മാന്‍ ചിത്രത്തോടൊപ്പം പാഡ്മാന്‍ ചലഞ്ചും ഇന്ത്യ ഒട്ടാകെ പ്രചരിപ്പിക്കാന്‍ സാധിച്ചിരുന്നു. സിനിമയുടെ പ്രൊമോഷന്‍ എന്നതിലുപരിയായി ആര്‍ത്തവത്തെ പറ്റിയുള്ള കൃത്യമായ വിദ്യാഭ്യാസം ആണ് ഇതിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Related posts