ലാഹോർ: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ലഭിക്കാത്ത പാക്കിസ്ഥാനിൽ സർക്കാർ രൂപവത്കരണ നീക്കം ഊർജിതമാക്കി മൂന്നു പ്രധാന രാഷ്ട്രീയ പാർട്ടികൾ. 264 സീറ്റുകളിലെ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തി. 266 അംഗ ദേശീയ അസംബ്ലിയിലെ 265 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പു നടന്നത്. ഒരിടത്ത് ഫലപ്രഖ്യാപനം തടഞ്ഞുവച്ചിരിക്കുകയാണ്.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ്(പിടിഐ) പിന്തുണച്ച സ്വതന്ത്രർ 101 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായി. നവാസ് ഷരീഫിന്റെ പിഎംഎൽ-എൻ 75 സീറ്റും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി(പിപിപി) 54 സീറ്റും നേടി. കറാച്ചി കേന്ദ്രമായുള്ള മുത്തഹിദ ക്വാമി മൂവ്മെന്റ് പാക്കിസ്ഥാൻ(എംക്യുഎം-പി) 17 സീറ്റും ചെറു കക്ഷികൾ 12 സീറ്റും നേടി.
പിപിപി, എംക്യുഎം-പി കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാൻ നവാസ് ഷരീഫ് നീക്കം ഊർജിതമാക്കി. എംക്യുഎം-പി നേതാക്കളുമായി ഷരീഫിന്റെ പാർട്ടി ഇന്നലെ ചർച്ച നടത്തി. സർക്കാർ രൂപവത്കരണത്തിന് 133 പേരുടെ പിന്തുണയാണു വേണ്ടത്.
ഷരീഫിന്റെ പാർട്ടിയുമായുള്ള സഖ്യത്തിന് എംക്യുഎം സമ്മതം അറിയിച്ചു. ഇവരുടെ തട്ടകമായ കറാച്ചിയിൽ ഷരീഫിന്റെ പാർട്ടി അത്ര ശക്തമല്ല. അവിടെ പിപിപിയാണ് എംക്യുഎം-പിയുടെ എതിരാളി. വിഭജനകാലത്ത് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലെത്തിയവരുടെ പാർട്ടിയാണ് എംക്യുഎം-പി.
പിഎംഎൽ-എൻ അധ്യക്ഷൻ ഷെഹ്ബാസ് ഷരീഫ് ശനിയാഴ്ച പിപിപി നേതാക്കളായ അസിഫ് അലി സർദാരി, മകൻ ബിലാവൽ ഭൂട്ടോ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ബിലാവലിനെ പ്രധാനമന്ത്രിയാക്കണമെന്നും പ്രധാന വകുപ്പുകൾ വേണമെന്നും സർദാരി ആവശ്യപ്പെട്ടതായി ഷെഹ്ബാസ് അറിയിച്ചു. സഖ്യം വേണമെങ്കിലും പ്രധാനമന്ത്രിസ്ഥാനം വിട്ടുനല്കാൻ നവാസിന്റെ പാർട്ടി തയാറാകില്ല.
പിപിപിയുമായുള്ള ചർച്ച പരാജയപ്പെട്ടാൽ എംക്യുഎം, ജെയുഐ-എഫ് , മറ്റു ചെറുകക്ഷികൾ, സ്വതന്ത്രർ എന്നിവരുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ നവാസിന്റെ പാർട്ടി തയാറായേക്കും. അങ്ങനെ വന്നാൽ ഷെഹ്ബാസ് ഷരീഫ് പ്രധാനമന്ത്രിയും മറിയം ഷരീഫ് പഞ്ചാബ് മുഖ്യമന്ത്രിയുമാകും. സൈന്യത്തിനു പ്രിയങ്കരനാണ് ഷെഹ്ബാസ് ഷരീഫ്.
അതേസമയം, തന്റെ പാർട്ടിയുടെ പിന്തുണയില്ലാതെ പാക്കിസ്ഥാനിൽ ആർക്കും സർക്കാർ രൂപവത്കരിക്കാനാകില്ലെന്ന് പിപിപി നേതാവ് ബിലാവൽ ഭൂട്ടോ പറഞ്ഞു.

