നിയമസഭയില്‍ പാകിസ്ഥാന് ജയ് വിളിച്ച് കാശ്മീരി എംഎല്‍എ; ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് അക്ബര്‍ ലോണ്‍…

ജമ്മു: ജമ്മുകാശ്മീര്‍ നിയമസഭയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എ അക്ബര്‍ ലോണ്‍. ശനിയാഴ്ചയാണ് അസംബ്ലിയില്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി അക്ബര്‍ ലോണ്‍ വിവാദത്തിലായത്.

എന്നാല്‍ ബിജെപി എംഎല്‍എമാരുടെ പ്രകോപനം കാരണമാണ് താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് അക്ബര്‍ ലോണ്‍ പിന്നീട് പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമാണ് സഭയില്‍ ഉന്നയിച്ചത്. ഇതില്‍ മറ്റാര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായതായി കരുതുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച സുന്‍ജ്വാനില്‍ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണമുണ്ടായതിനു പിന്നാലെയാണ് ജമ്മു നിയമസഭയില്‍ ബിജെപി പ്രതിനിധികള്‍ പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സ് എംഎല്‍എയുടെ പ്രതികരണത്തിനെതിരെ പാര്‍ട്ടി പ്രസിഡന്റ് ഫറൂഖ് അബ്ദുല്ലയും രംഗത്തെത്തി.

ലോണിന്റെ നിലപാടിനെ പാര്‍ട്ടി തള്ളുന്നതായി അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാക്കിസ്ഥാന്‍ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും. പാക്കിസ്ഥാനില്‍ നിന്നുള്ള പ്രകോപനങ്ങള്‍ എല്ലാ ദിവസവും തുടരുന്ന അവസ്ഥയാണുള്ളത്. ഇന്ത്യയുമായി പാക്കിസ്ഥാന്‍ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ രീതികള്‍ മാറ്റണം ഫറൂഖ് അബ്ദുല്ല പറഞ്ഞു.

 

Related posts