കുമരകം: പള്ളിച്ചിറ ഗുരുക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന ക്കാരൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സൗത്ത് 24 പരഗണാസ് കെനിയിൽ മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ (32) ആണ് കുമരകം പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ 1.30-ന് ക്ഷേത്രത്തിൽനിന്ന് ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഓട് കൊണ്ട് നിർമിച്ച ആറു വിളക്കുകളും നാല് ഉരുളികളും ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന സാധനങ്ങൾ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ക്ഷേത്രം ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു.
സിസിടിവി കാമറകളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസിലാക്കാൻ കഴിഞ്ഞ അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് ഇല്ലിക്കലിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.