പള്ളിക്കത്തോട്: അമ്മയെ ലഹരിക്കടിമയായ മകന് വെട്ടിക്കൊലപ്പെടുത്തിയതു ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍. പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം.
ഇരുവരും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇവിടെ വച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. തര്‍ക്കത്തിനൊടുവില്‍ അടുക്കളയിലിരുന്ന വാക്കത്തി ഉപയോഗിച്ചു സിന്ധുവിന്റെ കഴുത്തിനു വെട്ടിയശേഷം അരവിന്ദ് വാക്കത്തിയുമായി അയല്‍വീട്ടിലെത്തി അമ്മയെ വെട്ടിയെന്ന് പറയുമ്പോഴാണ് കൊടുംക്രൂരത നാടറിയുന്നത്.
തുടര്‍ന്ന് അയല്‍വാസി വിവരം പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി അരവിന്ദിനെ കസ്റ്റഡിയിലെടുത്തു. മുമ്പ് അരവിന്ദ് ജെസിബി ഡ്രൈവറായിരുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ക്ക് ഇതുമൂലം ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.
ഒരു വര്‍ഷം മുമ്പു ഇയാളെ കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയിരുന്നു.അരവിന്ദിനെ പള്ളിക്കത്തോട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ അറ സ്റ്റ് രേഖപ്പെടുത്തി. രാവിലെ സ്ഥലത്തെത്തിയ പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്നു സിന്ധുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.
20 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച സിന്ധു പള്ളിക്കത്തോട്ടിലും പരിസര പ്രദേശങ്ങളിലും ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇവരുടെ മറ്റൊരു മകന് അനന്ദു വിദ്യാര്‍ഥിയാണ്.