കർണാടകയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽനിന്നു വീണു യുവതിക്കു ദാരുണാന്ത്യം. ബിഹാർ സ്വദേശിനി നന്ദിനി (21) യാണു മരിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽനിന്നാണ് യുവതി താഴെക്കു പതിച്ചത്.
സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണു വിവരം. എന്നാൽ ഫോണിൽനിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റ് നിർമിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ നന്ദിനി മരിച്ചു. സംഭവത്തെത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. മറ്റൊരു സഹപ്രവർത്തക അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.