ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം മേക്കാട്ട് വീട്ടിൽ മഹേഷ് തമ്പി(35)യുടെ ദുരൂഹ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയും ബന്ധുക്കളും വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ഇടുക്കി പോലിസ് സൂപ്രണ്ട്, പീരുമേട് ഡിവൈഎസ്പി എന്നിവർക്കു പരാതി നൽകിയതായും അവർ പറഞ്ഞു.
ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ 3-ാം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്ന മഹേഷ് തമ്പി കുട്ടിക്കാനത്ത് ദുരൂഹമായ സാഹചര്യത്തിലാണ് മരിച്ചത്.അമ്മയും മകനും മാത്രം അടങ്ങുന്ന ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന മഹേഷ് നിരവധി ഷോർട്ട് ഫിലിമുകളിലും സിനിമയിലും മറ്റും അഭിനയിച്ചിട്ടുണ്ട്.
കായംകുളം എരുവ സ്വദേശിയായ ഷംനാദും മഹേഷും സുഹൃത്തുക്കളായിരുന്നു. ഷംനാദും ഷംനാദിന്റെ രണ്ട് സുഹൃത്തുക്കളായ കൊച്ചുമോൻ, അബ്ബാസ് എന്നിവരുമായി നവംബർ ഒന്നിന് കാറിൽ ഹരിപ്പാട് നെടുന്തറയിൽ എത്തി മഹേഷിനെ കൂട്ടിപ്പോയിരുന്നു. പിന്നീട് രണ്ടിന് ഷംനാദ് പള്ളിപ്പാടുള്ള അഭിജിത്ത് എന്ന കൂട്ടുകാരനെ ഫോണിൽ വിളിച്ച് മഹേഷ് കുട്ടിക്കാനത്ത് വെള്ളത്തിൽ വീണ് മരിച്ചുവെന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
പിന്നീട് വീട്ടുകാർ പീരുമേട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മരണവാർത്ത സ്ഥിരീകരിച്ചു.കുട്ടിക്കാനം മാർബസേലിയസ് കോളജിന് പടിഞ്ഞാറ് ഭാഗം താഴ്ചയിലുള്ള അരുവിയിൽ കുളിക്കാൻ എത്തിയതാണ് നാലുപേരും. അവിടെവച്ചാണ് മഹേഷിനെ കാണാതാവുന്നത്. എന്നാൽ, കൂട്ടത്തിലൊരാൾ കാണാതായ ഗൗരവത്തിൽ അന്വേഷിക്കാൻ ഷംനാദും കൂട്ടരും തയാറായില്ല.
ഏകദേശം ഒരു മണിക്കൂറിനുശേഷം അതിലെ വന്ന കോളജിലെ കുട്ടികൾക്ക് ഇവരുടെ പെരുമാറ്റത്തിൽസശയം തോന്നി നടത്തിയ തിരച്ചിലിലാണ് അരുവിയിലെ വെള്ളച്ചാട്ടം വന്നു വീഴുന്ന കുഴിയിൽനിന്നും മഹേഷിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. ഈ സമയം വരെ അവിടെയുണ്ടായിരുന്ന ഷംനാദ് മൃതദേഹം പുറത്തെടുത്തയുടൻ സംഭവ സ്ഥലത്തുനിന്നു കാറിൽ കടന്നുകളഞ്ഞു.
ഇതു കണ്ട കോളജ് വിദ്യാർഥികൾ കൊച്ചുമോനെയും അബ്ബാസിനെയും തടഞ്ഞുവയ്ക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു.
ഷംനാദും മഹേഷ് തമ്പിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നും കുറച്ച് നാൾ മുമ്പ് എറണാകുളത്ത് ഇതുസംബന്ധിച്ച് തർക്കമുണ്ടായിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. തങ്കച്ചൻ, അംഗങ്ങളായ അനിൽകുമാർ, മഹേഷ് തമ്പിയുടെ സഹോദരി ഭർത്താവ് ലിജു എന്നിവർ പങ്കെടുത്തു.

