പത്മശ്രീ പാപ്പമ്മാള്‍- കൃഷിയിലെ വിസ്മയം! നൂറ്റിയേഴാം വയസിലും വിളവിടത്തില്‍ വിജയഗാഥ കൊയ്യുന്ന പാപ്പമ്മാളിന്റെ വിശേഷങ്ങളും ചില പൊടിക്കൈകളും…

നൂറ്റിയേഴാം വയസിലും വിളവിടത്തില്‍ വിജയഗാഥ കൊയ്യുന്ന പാപ്പമ്മാളിന് പത്മശ്രീ. കോയമ്പത്തൂര്‍ തേക്കംപെട്ടി ഗ്രാമത്തിലെ ഈ ജൈവകൃഷിയിടവും പാപ്പമ്മാളുടെ കാര്‍ഷിക കൈമുതലും തലമുറകള്‍ക്ക് പാഠമായി മാറുകയാണ്.

വാര്‍ധക്യത്തിന്റെ ക്ഷീണം മറന്നും പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് നാലിന് കൈത്തൂമ്പയുമായി കൃഷിയിടത്തിലെത്തുന്ന കര്‍ഷക. മഴയും വെയിലും മഞ്ഞും അറിയാതെ ഈ പ്രായത്തില്‍ കാര്‍ഷിക വിപ്ലവം കാഴ്ചവയ്ക്കുന്ന മറ്റൊരു വനിത രാജ്യത്തു വേറെയുണ്ടാകില്ല.

ചുളിവും കുനിവും വീണ ശരീരത്തെ ക്ഷീണം ഇനിയും അലട്ടുന്നില്ലെന്നതിനു തെളിവായി വേഗത്തിലാണ് നടത്തം.

നന്നായി നനവും ഇളക്കവുമുള്ള കരിമണ്ണില്‍ ചെറിയൊരു കൈത്തൂമ്പ ഉപയോഗിച്ചാണ് കിള. നട്ടുച്ചവെയിലിലെ വിശ്രമം ഒഴികെ രാവിലെ തുടങ്ങുന്ന അധ്വാനം വൈകുന്നേരം വരെ തുടരും.

നെല്ല്, ചോളം, തെങ്ങ്, വാഴ, പച്ചക്കറി, ഇലക്കറികള്‍, ധാന്യങ്ങള്‍, കിഴങ്ങ് തുടങ്ങിയവയൊക്കെയാണ് കൃഷി. പാപ്പമ്മാള്‍ വാരിയെറിഞ്ഞാലും പാടം നിറയെ കായ്ഫലമുണ്ടാകും, കീടശല്യം വരികയുമില്ല. അത്രയേറെ കൈപ്പുണ്യം അമ്മയ്ക്കുണ്ടെന്ന് ഗ്രാമീണര്‍ പറയും.

ചാണകവും പച്ചിലകളും ചാരവുമൊക്കെയാണ് വളമായി നല്‍കുക. രാസവളങ്ങളും രാസകീടനാശിനികളും തൊടാത്ത കൃഷിയിടം. കീടങ്ങളെ തുരത്താന്‍ നാടന്‍ പ്രയോഗങ്ങളും കെണികളും ധാരാളം.

വയലുകളും തോപ്പുകളും അതിരിടുന്ന തേക്കംപ്പട്ടി ഉള്‍ഗ്രാമത്തില്‍ 1914ലായിരുന്നു ജനനം. ബാല്യത്തില്‍തന്നെ അച്ഛനും അമ്മയും മരിച്ചതിനാല്‍ മുത്തശിയുടെ തണലിലാണ് വളര്‍ന്നത്. കോവിലുകളും ആല്‍ത്തറകളും പുളിമരങ്ങളും കരിമ്പനകളും അതിരിടുന്ന ഈ ചെറിയ ഗ്രാമത്തില്‍ വികസനം ഇക്കാലത്തും ഏറെ കടന്നുവന്നിട്ടില്ല.

ജീവിതപ്രാരാബ്ദതയെ നേരിടാന്‍ പതിനാറാം വയസില്‍ ഗ്രാമക്കവലയില്‍ പാപ്പമ്മാള്‍ ഒരു ചെറിയ പലഹാരക്കട തുറന്നു. ഇഡലിയും വടയുമായിരുന്നു വിഭവങ്ങള്‍.

നാടന്‍ പച്ചരിയില്‍ പാകം ചെയ്ത ഇഡലിയും സാമ്പാറും ചമ്മന്തിയും ഇലയില്‍ വിളമ്പുന്ന ഗ്രാമീണഭക്ഷണശാല. കൈപ്പുണ്യം അന്നേ പാപ്പ മ്മാളുടെ കൂടെയുണ്ടായിരുന്നു,

കടയിലെ ഭക്ഷണം നാട്ടുകാര്‍ ക്കെല്ലാം ഇഷ്ടമായതോടെ തരക്കേടില്ലാത്ത വരുമാനം ലഭിച്ചു തുടങ്ങി. 1950 കാലത്ത് ആ കച്ചവടത്തില്‍ നിന്നു മാസം 20 രൂപവരെ ലാഭം കിട്ടിയിരുന്നു.

ഇഡലി വിറ്റു കിട്ടിയ പണം മിച്ചം പിടിച്ചു അന്‍പതാം വയസില്‍ ഗ്രാമത്തില്‍ പത്തേക്കര്‍ ഭൂമി വാങ്ങി കൃഷി തുടങ്ങിയതോടെ പാപ്പമ്മാള്‍ ഇഡലിക്കട ഉപേക്ഷിച്ചു കര്‍ഷകയായി.

മാസങ്ങളുടെ അധ്വാനത്തില്‍ കരിമണ്ണ് കിളച്ചിളക്കി പാകമാക്കി. ഒരുമിച്ച് പത്തേക്കര്‍ സ്ഥലം അക്കാലത്ത് കിളച്ചുമറിച്ച് കൃഷിക്കു പാകമാക്കുക സാഹസിക ജോലിയായിരുന്നു. അങ്ങിങ്ങ് കല്ലും കരിമ്പാറയും കൂറ്റന്‍മരങ്ങളും കരിമ്പനയുടെ കരിവേരുകളും തിങ്ങിയ സ്ഥലമായിരുന്നു അത്.

ഏറെ ശ്രമകരമായി കിളിച്ചും നിരത്തിയും പാകമാക്കിയെടുത്ത മണ്ണില്‍, കാര്‍ഷിക പാഠങ്ങളൊന്നും വശമില്ലാതിരുന്ന ഇവര്‍ ഗ്രാമത്തില്‍ ലഭ്യമായ വിത്തുകളും വിളവുകളും ശേഖരിച്ചു നട്ടുതുടങ്ങി.

അങ്ങനെ കാലങ്ങളോളം പാപ്പമ്മാള്‍ തേക്കംപെട്ടി ഗ്രാമത്തിലെ അറിയപ്പെടുന്ന കര്‍ഷകയായി. കാലമേറെ പിന്നിട്ടപ്പോള്‍ പത്തേക്കറില്‍ കൃഷി മുന്നോട്ടുകൊണ്ടുപോവുക ദുഷ്‌കരമായി. അതില്‍ ഏഴരയേക്കര്‍ സഹോദരങ്ങള്‍ക്കും അവരുടെ മക്കള്‍ക്കുമായി വീതിച്ചു നല്‍കി. ശേഷിക്കുന്ന രണ്ടരയേക്കറിലാണ് അമ്മാളുടെ കൃഷിപ്പണികള്‍.

മുപ്പതാം വയസില്‍ തുടങ്ങിയ താണ് സുസ്ഥിരവും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാ ത്തതുമായ കൃഷി. ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും ഈ സമര്‍പ്പിത അധ്വാനത്തിനും അനുഭവങ്ങള്‍ക്കും നിലപാടുകള്‍ക്കും യാതൊരു കോട്ടവും തട്ടിയിട്ടില്ല.

മുടി തഴച്ചു വളരാന്‍

കുറുക്കി വേവിച്ച റാഗിയാണ് ഇഷ്ട ഭക്ഷണം. ധാരാളം പച്ചക്കറികളും കഴിക്കും. വാട്ടിയ വാഴയിലയിലാണ് കാലങ്ങളായി ഭക്ഷണം കഴിക്കുക. മുടി തഴച്ചു വളരാന്‍ വാട്ടിയ വാഴയി ലയില്‍ ഭക്ഷണം കഴിക്കുന്നതു ഗുണം ചെയ്യുമെന്നാണ് പാപ്പമ്മാളിന്റെ ശാസ്ത്രം.

തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഓപ്പണ്‍ ക്ലാസുകളില്‍ പങ്കെടുത്ത് കൃഷിയുടെ പാഠങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പഠിച്ച പാപ്പമ്മാള്‍ തന്നെ കാണാന്‍ വരുന്നവര്‍ക്കൊക്കെ കൃഷിശാസ്ത്രവും അനുഭവങ്ങളും പകര്‍ന്നുകൊടുക്കുന്നു.

രാസവളപ്രയോഗവും രാസ കളനാശി നികളുടെ ഉപയോഗവും മനുഷ്യ നിലും മൃഗങ്ങളിലും മണ്ണിലും പലവിധ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടി ക്കുന്നതായി അമ്മാള്‍ പഠിച്ചിരിക്കുന്നു.

ശരീരത്തില്‍ രക്തയോട്ടമുണ്ടാവാന്‍ കുനിഞ്ഞും നിവര്‍ന്നുമുള്ള നില്‍പ്പ് സഹായിക്കുമെന്നാണ് പാപ്പ മ്മാളിന്റെ പക്ഷം. സൂര്യനസ്തമി ക്കുംവരെ പാടത്തു പണിയെടുക്കും.

മട്ടന്‍ ബിരിയാണിയാണ് ഇഷ്ട ഭക്ഷണം. രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ സമ്മാനിക്കപ്പെടുമ്പോഴും ഇവര്‍ക്ക് അമിതമായ ആഹ്‌ളാദമില്ല. കൂടുതല്‍ കാലം കൃഷിപ്പണിയെടുക്കാനുള്ള ഊര്‍ജമാണ് പുരസ്‌കാരമെന്നാണ് പാപ്പമ്മാളിന്റെ അഭിപ്രായം.

നാട്ടിലെ കര്‍ഷകരും തൊഴിലാളികളും കൃഷിയിടങ്ങളില്‍ എത്തുമ്പോഴേക്കും പാപ്പമ്മാള്‍ മോശമല്ലാത്ത ഒരു വേല പൂര്‍ത്തിയാക്കിയിട്ടുണ്ടാവും.

ഏറ്റവും കുറഞ്ഞത് ഒരു വാരം കിളയോ നനയോ നടത്തി അടുത്ത പണിക്കുള്ള ഒരുക്കം തുടങ്ങുമ്പോഴാകും പതിവു പണിക്കാരുടെ വരവ്. മണ്ണിലെ അധ്വാനം സൂര്യനുദിക്കും മുമ്പേ തുടങ്ങണമെന്നാണ് ഇവരുടെ നിലപാട്.

പണികള്‍ക്കു ശേഷം വൈകുന്നേരം ചന്തയില്‍ പോയി വിളവുകള്‍ വില്‍ക്കും. സ്‌കൂളില്‍ പോയി ഒരിക്കലും പഠിച്ചിട്ടില്ലാത്ത പാപ്പമ്മാളിന്റെ അറിവുകളെല്ലാം അധ്വാനവും അനുഭവങ്ങളും സമ്മാനിച്ചതാണ്.

പതിനാലാം വയസില്‍ വിവാഹിതരായ ഇവരുടെ ജീവിതം വീടിന്റെ ചുവരുകള്‍ക്കുള്ളിലായിരുന്നു. ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല.

കുട്ടികളില്ലാത്തതിനാല്‍ പാപ്പമ്മാള്‍ ഒരു ആണ്‍കുട്ടിയെ ദത്തെടുത്തു വളര്‍ത്തി. മകന്‍ വളര്‍ന്നപ്പോഴും കൃഷിയില്‍ ഒതുങ്ങാതെ ഇവര്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി.

അങ്ങനെ മുപ്പത്തഞ്ചാമത്തെ വയസില്‍ ആദ്യത്തെ പഞ്ചായത്ത് മെമ്പര്‍ അഥവാ സ്ത്രീ സര്‍പഞ്ചായി ഗ്രാമത്തില്‍ ചുമതലയേറ്റു. കാര്യമായ എഴുത്തും വായനയും അറിയില്ലെങ്കിലും പാപ്പമ്മാളിന്റെ അധ്വാനത്തെയും നിലപാടിനെയും ഗ്രാമവാസികള്‍ പിന്തുണച്ചു.

അധ്വാനം 57 വര്‍ഷം പിന്നിടുമ്പോഴും വിശ്രമം അറിയാതെ പാപ്പമ്മാള്‍ കൃഷി തുടരുകയാണ്. ഒരു ദിവസം പോലും വിശ്രമിക്കാതെ ദിവസം ഏഴും എട്ടും മണിക്കൂര്‍ പാടത്തും പറമ്പത്തും നീളുന്ന അധ്വാനം.

തേക്കംപെട്ടി ഗ്രാമവാസികള്‍ക്ക് അഭിമാനവും ഐശ്വര്യവുമാണ് പത്മശ്രീയിലെത്തിയ വൃദ്ധകര്‍ഷക. ഗ്രാമത്തിലെ കല്യാണങ്ങള്‍ക്ക് വധൂവര ന്‍മാരെ പ്രത്യേകമായി അനുഗ്ര ഹിക്കാന്‍ ഇവരെ തേടി ബന്ധുക്കളെത്തുന്നു.

പത്മശ്രീയോളം ഉയര്‍ന്നതോടെ ഇവരുടെ വീടിനു മുന്നില്‍ നൂറു കണക്കിന് സന്ദര്‍ശകരുണ്ട്. കൃഷിയിടത്തിലുമുണ്ട് ഏറെ സന്ദര്‍ശകര്‍. അഭിമുഖം തേടി മാധ്യമങ്ങളുടെ നിര വേറെയും.

റെജി ജോസഫ്‌

Related posts

Leave a Comment