മനപൂര്‍വം അവസരങ്ങള്‍ നിഷേധിച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കും! സിനിമയില്‍ ചുവടുറപ്പിക്കാനുള്ള പുതിയ തീരുമാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി പാര്‍വതി

സിനിമയില്‍ തനിക്ക് മനപൂര്‍വം അവസരങ്ങള്‍ നിഷേധിച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുമെന്ന് നടി പാര്‍വതി. താരസംഘടന അമ്മയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും, പിന്നീട് സിനിമയിലെ നടിമാരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും ചെയ്തത് വഴി ഡബ്ലുസിസിയിലെ അംഗങ്ങള്‍ക്കും മറ്റ് പലര്‍ക്കും അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന തുറന്നു പറച്ചിലിന്റെ പിന്നാലെയാണ് പാര്‍വതി തന്റെ ഭാഗം വ്യക്തമാക്കികൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പുതിയ ചിത്രമായ ഉയരെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കവെയാണ് പാര്‍വതി നിലപാട് വ്യക്തമാക്കിയത്.

അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ നടന്ന സംഘടിതശ്രമങ്ങളുടെ തകര്‍ച്ച കാണേണ്ടിവരുമെന്ന് പാര്‍വതി തുറന്നടിച്ചു. അഭിനയത്തിന് പുറമെ സിനിമാസംവിധാന നിര്‍മാണരംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ് അവര്‍ ഇപ്പോള്‍.

സിനിമയാണ് പ്രധാനം. സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യമില്ലെന്നും അടുത്തവര്‍ഷത്തോടെ സിനിമാസംവിധാന നിര്‍മാണരംഗങ്ങളിലേക്കുള്ള തന്റെ കടന്നുവരവ് സൂചിപ്പിച്ച് പാര്‍വതി പറഞ്ഞു. ഡബ്ല്യു.സി.സിയെ പിന്തുണച്ചതിന്റെ പേരില്‍ അതില്‍ അംഗങ്ങളല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുംവരെ സിനിമ നഷ്ടപ്പെട്ടു. സംഘടിതമായും സ്വാധീനം ചെലുത്തിയുമാണ് അത്തരം ശ്രമങ്ങള്‍ നടന്നത്. പക്ഷെ വരുവര്‍ഷങ്ങളില്‍ അതിന്റെയെല്ലാം തകര്‍ച്ച കാണേണ്ടിവരുമെന്നും പാര്‍വതി പ്രതികരിച്ചു. പാര്‍വതിയുടെ പുതിയ ചിത്രം ഉയരെ 26ന് പ്രദര്‍ശനത്തിനെത്തും. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ.

Related posts