മനില: ഒരാഴ്ചയ്ക്കുശേഷം ഫിലിപ്പീൻസ് വീണ്ടും കൊടുങ്കാറ്റ് ഭീഷണിയിൽ. ഫുംഗ്-വോംഗ് എന്നു പേരുള്ള സൂപ്പർ കൊടുങ്കാറ്റ് ഇന്നലെ രാജ്യത്ത് നാശം വിതച്ചുതുടങ്ങി. ഫുംഗ്-വോംഗിന്റെ സഞ്ചാരപാതയിലുള്ള പത്തു ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി.
ഈ വർഷം ഫിലിപ്പീൻസ് നേരിടുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരിക്കും ഇതെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ പകുതിഭാഗത്തും വലിയ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് കിഴക്കൻ ഫിലിപ്പീൻസിൽ കൊടുങ്കാറ്റ് വീശിത്തുടങ്ങി. അതിനു മുന്പേതന്നെ മേഖലയിൽ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.
ഒരാഴ്ച മുന്പ് വീശിയ കൽമയേഗി കൊടുങ്കാറ്റ് വിതച്ച നാശത്തിൽനിന്ന് ഫിലിപ്പീൻസ് മുക്തമായിട്ടില്ല. 224 പേരാണ് ഫിലിപ്പീൻസിൽ മരിച്ചത്. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള പേമാരിയിൽ സെബു ദ്വീപിലെ മുഴുവൻ പട്ടണങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇതേത്തുടർന്ന് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

