സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആരും നോക്കേണ്ട..! ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം ശരിയല്ലെന്ന് മുഖ്യമന്ത്രി

pinarayiതിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഎഎസുകാരുടെ പ്രതിഷേധം ശരിയല്ല. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ആരും നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയിരുന്നു. ജേക്കബ് തോമസ് ഐഎഎസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നുവെന്നാരോപിച്ചാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇന്ന് കൂട്ട അവധിയെടുത്തത്. സര്‍ക്കാരിനെതിരായുള്ള പ്രതിഷേധമല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. വിജിലന്‍സിന്റെ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവുമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സിന്റെ നടപടി തുടരും. സര്‍ക്കാര്‍ വിജിലന്‍സിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഐഎഎസ് ഉദ്യോഗസ്ഥരുടെ വികാരം സ്വാഭാവികം. നടപടിയും വികാരവും തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ.എ.എബ്രഹാം, ടോം ജോസ് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥരെ കൂട്ട അവധിയെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയത്.

Related posts