ഗുരുതര സുരക്ഷ വീഴ്ച! പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വനിതാ സബ്ജയിലിലായിരുന്നു സൗമ്യയെ പാര്‍പ്പിച്ചിരുന്നത്. അച്ഛനും അമ്മയും മകളുമടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നല്‍കി കൊലപ്പെടുത്തിയത്. രാവിലെ 10 മണിയോടെ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്.ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്.

കൊലപാതക ആരോപണങ്ങള്‍ സൗമ്യ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മൂത്ത മകള്‍ കീര്‍ത്തനയുടെ മരണം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും സൗമ്യ ശ്രമിച്ചിരുന്നു.

എല്ലാവരെയും എലിവിഷം കൊടുത്താണ് സൗമ്യ കൊലപ്പെടുത്തിയത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍(80), ഭാര്യ കമല(65),മകള്‍ ഐശ്വര്യ(9) എന്നിവര്‍ എലിവിഷം അകത്തു ചെന്നു മരിച്ച സംഭവത്തിലാണ് സൗമ്യയെ അറസ്റ്റു ചെയ്യുന്നത്. ഇതേ രോഗലക്ഷങ്ങളോടെ ആറു വര്‍ഷം മുമ്പ് മരിച്ച കീര്‍ത്തനയുടെയും മരണകാരണവും എലിവിഷമാണെന്ന് ഇതോടെ തെളിയുകയായിരുന്നു.

അവിഹിതത്തിനു തടസ്സം നിന്നതാണ് ഇളയ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്താന്‍ കാരണമെന്നാണായിരുന്നു സൗമ്യ മൊഴി നല്‍കിയത്. തന്റെ അവിഹിത ബന്ധം നേരില്‍ കണ്ടതിനെത്തുടര്‍ന്നാണ് സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി നല്‍കി മകള്‍ ഐശ്വര്യയെ കൊല്ലുന്നത്. ഐശ്യര്യയുടെ മരണശേഷവും ഇടപാടുകാര്‍ സൗമ്യയെത്തേടി വീട്ടിലെത്തി.

ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇക്കാര്യം പറഞ്ഞ് സൗമ്യയോട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയത്. ഇവരുടെ ആന്തരികാവയ പരിശോധനയാണ് സൗമ്യയെ വെട്ടിലാക്കിയത്.

കുടിവെള്ളത്തിലെ പ്രശ്നമാണെന്ന് ധരിപ്പിച്ച് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനയ്ക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു. കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്ന പ്രചാരണം വെള്ളം പരിശോധിച്ചതോടെ വെള്ളത്തില്‍ വരച്ച വര പോലെയായി.

കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത് രണ്ടു യുവാക്കളുടെ പ്രേരണയാലാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. എങ്കിലും ഇവരെ പ്രതിയാക്കിയില്ല. ആദ്യമൊക്കെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പതിനൊന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സൗമ്യ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.

മുൻപും ആത്മഹത്യാ പ്രവണത കാണിച്ചിട്ടുള്ള സൗമ്യ ജയിലിനുള്ളിൽ തൂങ്ങി മരിച്ചത് ഗുരുതര സുരക്ഷ വീഴ്ചയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. പ്രമാദമായ കേസിലെ പ്രതിയായിട്ടും ജയിൽ ഉദ്യോഗസ്ഥർ മതിയായ ശ്രദ്ധ കൊടുക്കാതിരുന്നതാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.

Related posts