രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഭരണപക്ഷത്തിനെതിരെ നിരന്തരം ആരോപണങ്ങളുമായി മുന്നോട്ടുവന്നെങ്കിലും ഭരണം വീണ്ടും ഇടതുപക്ഷത്തേക്ക് ചേർന്നത് കോൺഗ്രസിന് തിരിച്ചടിയായി.
ചെന്നിത്തല ഹരിപ്പാട്ട് നിന്നും ജയിച്ച് കയറിയിട്ടും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടു.
പകരം എത്തിയ വീറുറ്റ നേതാവ് വി.ഡി.സതീശന് പക്ഷേ വീറോടെ പ്രതിപക്ഷത്തെ മുന്നോട്ട് നയിക്കാനും ഭരണപക്ഷത്തെ ഒന്ന് പിടിച്ചുലയ്ക്കാനും സാധിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ ഉറപ്പിച്ച് പറയാൻ പറ്റില്ലായെന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.
ഭരണപക്ഷത്തെ ഒന്ന് ഇരുത്തി ചിന്തിപ്പിക്കാൻ ജനദ്രോഹ ബജറ്റിനെതിരെ ആഞ്ഞടിക്കേണ്ട ചുമതല പ്രതിപക്ഷത്തിന് ഉണ്ടായിരുന്നു.
പക്ഷേ ഒന്നും സംഭവിച്ചില്ല. ഭരണപക്ഷം തീരുമാനമെടുത്ത് മുന്നോട്ട് പോകുന്നു. പ്രതിപക്ഷം ഞങ്ങൾ പ്രതിഷേധിച്ചിട്ടുണ്ടെന്ന് വരുത്തി തീർത്ത് മുന്നോട്ട് പോകുന്നു. കഥ അതോടെ തീർന്നു.
മാത്യു കുഴൽനാടനും ഷാഫി പറന്പിലും
കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ കത്തിക്കയറിയ മാത്യു കുഴൽനാടനും ഷാഫി പറന്പിലും ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളെങ്കിലും ചോദിച്ചു, പക്ഷേ സംഗതി അവിടെ തീർന്നു. ഒന്നിനും തുടർച്ച ഉണ്ടാകുന്നില്ല.
എല്ലാം ഫുൾസ്റ്റോപ്പ് ഇട്ടപോലെ നിൽക്കുന്നു എന്നതാണ് വാസ്തവം. പ്രതിപക്ഷം ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട് പക്ഷേ, വേണ്ടത്ര പവറോടെ കാര്യങ്ങൾ നീങ്ങുന്നില്ലായെന്നതാണ് ശരി.
കേന്ദ്രത്തിൽ ഇപ്പോൾ പ്രതിപക്ഷം ഉണ്ടോയെന്ന് ചോദിച്ചാൽ കേരളത്തിലെ അവസ്ഥയാണ് അവിടെയുമെന്ന് പറയേണ്ടി വരും. പ്രതിരോധിക്കുന്നുണ്ട് പക്ഷേ, വേണ്ടത്ര പവറില്ലായെന്ന് മാത്രം.