ഇത്തവണ ബിജെപി നേമത്തും ജയിക്കില്ല ! ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയന്‍…

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി പച്ചതൊടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ല്‍ അവര്‍ വിജയിച്ച നേമം സീറ്റും ഇത്തവണ പിടിച്ചെടുക്കുമെന്ന് കാസര്‍ഗോഡ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു.

”കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഹായത്തോടെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. ഇത്തവണ ഞങ്ങള്‍ ആ അക്കൗണ്ട് ക്‌ളോസ് ചെയ്യും,” പിണറായി പറഞ്ഞു.

ബിജെപിയുടെ വോട്ടു ശതമാനത്തിലും വലിയ കുറവുണ്ടാമെന്ന് പിണറായി പറഞ്ഞു. കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുകയില്ലെന്നും പിണറായി ആവര്‍ത്തിച്ചു.

കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വാദവും പിണറായി തള്ളിക്കളഞ്ഞു. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താലാണ് ആക്രമണം നടന്നതെന്നും പിണറായി പറഞ്ഞു.

കോണ്‍ഗ്രസ് സംഘപരിവാര്‍ നയങ്ങള്‍ക്കൊപ്പമാണെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. രാഷ്ട്രീയ വിരോധം കൊണ്ട് പ്രതിപക്ഷത്തിനു അന്ധത ബാധിച്ചെന്നും പിണറായി പറഞ്ഞു.

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം വലിയ ആവേശമാണ് കാണുന്നത്. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരം എല്ലാ ജില്ലകളിലുമുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഉജ്ജ്വല വിജയം എല്‍ഡിഎഫ് ഇത്തവണ സ്വന്തമാക്കും. ഇടത് ഭരണം തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Related posts

Leave a Comment