മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭൂവിവരം ശേഖരിച്ച് വിവരം നല്‍കണം! പരിധിക്ക് പുറത്തുള്ളത് പിടിച്ചെടുക്കണമെന്ന പരാതിയില്‍ നടപടി സ്വീകരിക്കാനുറച്ച് സര്‍ക്കാര്‍

മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഭൂവിവരം ശേഖരിച്ച് വിവരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. ഏക്കര്‍ കണക്കിന് ഭൂമി കൈവശം വെക്കുന്നവരുടെ സ്വത്തുക്കളുടെ വിവരം ശേഖരിച്ച് പരിധി കവിഞ്ഞ് സ്വന്തമാക്കി വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാണ് നീക്കം.

സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമപ്രകാരം വ്യക്തിക്ക് 15 ഏക്കര്‍ ഭൂമിയാണ് കൈവശം വെക്കാവുന്നത്. ഇത് പ്രകാരമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

കേരള ആര്‍ട്‌സ് ലവേഴ്സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഒരു വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖേന റവന്യൂ മന്ത്രിക്ക് കൈമാറിയിരിക്കുകയാണ്.

മന്ത്രിയുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ഇതില്‍ തുടര്‍നടപടികള്‍ തുടങ്ങി. ആദ്യഘട്ടമായി സിനിമാക്കാരുടെ ഭൂവിവരം ശേഖരിച്ച് നല്‍കാനാണ് കളക്ടര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ബന്ധപ്പെട്ട ജില്ലാ രജിസ്ട്രാര്‍, സബ് രജിസ്ട്രാര്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭൂമി സംബന്ധിച്ച ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് എത്രയും പെട്ടെന്ന് ലഭ്യമാക്കാനാണ് തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ആരോപണം ശരിയെന്നുകണ്ടാല്‍ തുടര്‍ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

‘കലാ ആസ്വാദകരുടെ പണമാണ് നടീ-നടന്‍മാര്‍ക്കും സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ലഭിക്കുന്ന വലിയ പ്രതിഫലം. ഈ പണമാണ് ഇവര്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലും മദ്യ-മയക്കുമരുന്ന് മാഫിയാ പ്രവര്‍ത്തനങ്ങളിലുമൊക്കെയായി വിനിയോഗിക്കുന്നത്. നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശംവെക്കുന്ന ഇവരുടെ സ്വത്തുക്കളുടെ വിവരം കണ്ടെത്തി പരിധിക്കു പുറത്തുള്ളത് തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം.’ എന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Related posts