അന്ന് സ്വയം വിരമിക്കലിന് അപേക്ഷിച്ചപ്പോള്‍ നിരസിച്ചത് ഓര്‍ത്ത് വേദനിച്ച് പിണറായി ! ഖജനാവ് കാലിയായാലും വേണ്ടില്ല ജേക്കബ് തോമസിനെ തോല്‍പ്പിക്കാന്‍ ഏതറ്റവും വരെ പോകുമെന്ന നിലപാടില്‍ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്…

പിണറായി വിജയന് ഇത് കഷ്ടകാലമാണ്. സസ്‌പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പിണറായിക്കും ഇടത് സര്‍ക്കാരിനും കനത്ത തിരിച്ചടിയാവുകയാണ്. എന്തായാലും വിധിയ്‌ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പിണറായി വേട്ടയാടി നശിപ്പിക്കാന്‍ ആഗ്രഹിച്ച ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അതുകൊണ്ട് തന്നെ ഖജനാവ് മുടിച്ചും കേസ് നടത്താനാണ് തീരുമാനം. അതിനാല്‍ തന്നെ ഖജനാവ് കാലിയായാല്‍ പോലും വേണ്ടില്ല എങ്ങനെയും ജേക്കബ് തോമസിനെ തോല്‍പ്പിക്കാന്‍ വേണ്ടി ഇനിയും ലക്ഷങ്ങള്‍ ഒഴുക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം.

സുപ്രീംകോടതിയും ജേക്കബ് തോമസിന്റെ കാര്യത്തില്‍ എതിര്‍ നിലപാട് എടുക്കാന്‍ സാധ്യതയില്ല. എങ്കിലും പരമാവധി കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകാനാണ് പിണറായിയുടെ നീക്കം. വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് പുനര്‍നിയമനം നല്‍കില്ല. ജേക്കബിനെ തിരിച്ചെടുക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത് സര്‍ക്കാരിന് തിരിച്ചടിയായാണ് കണക്കാക്കുന്നത്. തുടര്‍ച്ചയായ സസ്പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സസ്പെന്‍ഷന്‍ സംബന്ധിച്ച് കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനായില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജേക്കബ് തോമസിനെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കുന്നത് ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണെന്ന നിലപാടിലാണ് പിണറായി സര്‍ക്കാര്‍. സസ്പെന്‍ഷനിലുള്ളപ്പോള്‍തന്നെ ജോലിയില്‍നിന്ന് വിരമിക്കാന്‍ ജേക്കബ് അപേക്ഷ നല്‍കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടായില്ല. ഇതിന് കാരണവും പിണറായി വിജയനാണ്. ചാലക്കുടിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയാകാനായിരുന്നു ജേക്കബ് തോമസ് സ്വയം വിരമിക്കലിന് ശ്രമിച്ചത്. എന്നാല്‍ ഈ ആഗ്രഹം പൊളിക്കാന്‍ പിണറായി ഇത് നിരസിക്കുകയായിരുന്നു.

സെന്‍കുമാര്‍ സംഭവത്തില്‍ സുപ്രീംകോടതിയില്‍നിന്നേറ്റ തിരിച്ചടി ഓര്‍ത്തുകൊണ്ടാകും സര്‍ക്കാര്‍ മുന്നോട്ടുപോവുക. സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്തുനിന്ന് മാറ്റിയ നടപടിക്കെതിരേ സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും ട്രിബ്യൂണല്‍ നടപടി ശരിവെച്ചു. ഇതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ഇതിനിടെ സെന്‍കുമാറിനെ ഐ.എം.ജി. ഡയറക്ടറാക്കി. എന്നാല്‍, സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കോടിതി നിര്‍ദ്ദേശിക്കുകയും െചയ്തു. ജേക്കബ് തോമസ് കേസില്‍ ട്രിബ്യൂണല്‍ തന്നെ സര്‍ക്കാരിനെതിരെ വിധിച്ചു. ഈ കേസില്‍ കേന്ദ്ര സര്‍ക്കാരും കക്ഷിയാണ്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയില്‍ പോയാലും ജേക്കബ് തോമസിന് കേന്ദ്ര പിന്തുണ കിട്ടും.

പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെപേരിലാണ് ജേക്കബിന് ആദ്യം സസ്പെന്‍ഷന്‍ ലഭിച്ചത്. സര്‍ക്കാര്‍വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലായിരുന്നു അത്. പിന്നീട് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിന്റെപേരില്‍ സസ്പെന്‍ഷന്‍ നീട്ടി. ഇതിനുപിന്നാലെ അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെവെച്ചെങ്കിലും കമ്മിഷനുമായി സഹകരിക്കാന്‍ തയ്യാറാകാത്തതിന്റെപേരില്‍ മൂന്നാമത്തെ സസ്പെന്‍ഷനും ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതോടെ സസ്പെന്‍ഷന്‍ നീട്ടി. പിന്നീട് വിജിലന്‍സ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മത്സരിക്കാന്‍ അദ്ദേഹം സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചതിനും സര്‍വീസ് ചട്ടലംഘനത്തിനും സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണെന്നായിരുന്നു സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. തുടര്‍ന്നാണ് ജേക്കബ് ട്രിബ്യൂണലിനെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.

തുടര്‍ച്ചയായ സസ്‌പെന്‍ഷന്‍ സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും കൃത്യമായ കാരണം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ലെന്നും ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. വൈരാഗ്യബുദ്ധിയോടെ തന്നെ വേട്ടയാടുകയാണെന്ന ജേക്കബ് തോമസിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇ.കെ. ഭരത് ഭൂഷണ്‍, ആശിഷ് കാലിയ എന്നിവരടങ്ങിയ ട്രിബ്യൂണല്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. അന്വേഷണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചില്ല, ആറുമാസം കൂടുമ്പോള്‍ സസ്‌പെന്‍ഷന്‍ നീട്ടുന്ന സമീപനം സ്വീകരിച്ചു, സസ്‌പെന്‍ഷന്‍ എന്തിനെന്നുപോലും വ്യക്തമാക്കിയില്ല തുടങ്ങിയവയാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ പ്രധാനമായും ചൂട്ടിക്കാട്ടിയത്. പിണറായി സര്‍ക്കാര്‍ ജേക്കബ് തോമസിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുമ്പോള്‍ നഷ്ടം ഖജനാവിനും ജനങ്ങള്‍ക്കും മാത്രം.

Related posts