തൊടുപുഴ: നാടിനെ ഹരിതാഭമാക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പച്ചത്തുരുത്തുകളിലൂടെ ജില്ലയിൽ നട്ടുപിടിപ്പിച്ചത് 27,000ത്തോളം വൃക്ഷത്തൈകൾ. ജില്ലയിൽ സ്ഥാപിച്ച 109 പച്ചത്തുരുത്തുകളിലൂടെ 43.09 ഏക്കർ സ്ഥലത്താണ് തൈകൾ നട്ടത്.
തരിശായ പൊതുസ്ഥലങ്ങളുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീയമായ സസ്യങ്ങൾ ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്.
സ്കൂളുകളിൽ 6,626 തൈകൾ
ജില്ലയിലാകെ 45 സ്കൂളുകളിലായി 18.15 ഏക്കറിൽ 6,626 തൈകളും നട്ടുപരിപാലിക്കുന്നുണ്ട്. ജില്ലയിലെതന്നെ മികച്ച കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് കലാലയങ്ങൾ കേന്ദ്രീകരിച്ച് 2870 തൈകൾ പച്ചത്തുരുത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിക്കുന്നുണ്ട്.
മാലിന്യ നിക്ഷേപകേന്ദ്രങ്ങളും തരിശുഭൂമിയുമായി കണ്ടെത്തിയ 12 ഏക്കർ ഭൂമിയിൽ ആയിരം തൈകൾ ജില്ലയിലാകെ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നട്ട് സംരക്ഷിക്കുന്നു. 2018-ൽ കുമളി പഞ്ചായത്തിൽ ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് പ്രാവർത്തികമായത്.
സ്ഥാപനങ്ങളിൽ 15 ഏക്കർ
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിപുലമായ കാന്പയിന്റെ അടിസ്ഥാനത്തിൽ 15 ഏക്കറിൽ മൂവായിരത്തോളം തൈകൾ സാമൂഹ്യ വനവത്കരണത്തിന്റെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ നട്ടുപിടിപ്പിച്ച് പരിപാലനം ഉറപ്പുവരുത്തുന്നുണ്ട്. ജില്ലയിൽ എട്ട് ബ്ലോക്കുകളിലും മാതൃകാ പച്ചത്തുരുത്തുകൾ തെരഞ്ഞെടുത്ത് പരിപാലിച്ചു വരുന്നു.
മനുഷ്യനിർമിതമായ ചെറുവനങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ പൊതു സ്ഥാപനങ്ങളുടെയോ വ്യക്തികളുടെയോ നേതൃത്വത്തിൽ സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീയമായ വൃക്ഷങ്ങളും മറ്റു സസ്യങ്ങളും നട്ട് പരിപാലിച്ചു സംരക്ഷിക്കുന്ന പദ്ധതിയാണ് പച്ചത്തുരുത്തുകളിലൂടെ പ്രാവർത്തികമാക്കുന്നത്.മനുഷ്യനിർമിതമായ ചെറുവനങ്ങൾ, സ്വാഭാവിക വനത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടുള്ള നിർമാണം, പൂർണമായും തദ്ദേശ ജൈവവൈവിധ്യത്തിന്റെ ഭാഗമായ സസ്യങ്ങൾ, അനുയോജ്യമായ രീതിയിൽ ചെറുനടപ്പാതകളും ജൈവവേലിയും സംരക്ഷണത്തിനായി പ്രാദേശിക ജനകീയ കൂട്ടായ്മകൾ എന്നിവയാണ് പച്ചത്തുരുത്തുകളുടെ സവിശേഷതകൾ. ഭൂമിയുടെ വിസ്തൃതി ഇതിന്റെ നിർമാണത്തിന് ഘടകമല്ല. അര സെന്റിലും പച്ചത്തുരുത്ത് പ്രാവർത്തികമാക്കാമെന്ന് ഹരിതകേരളം അധികൃതർ പറഞ്ഞു.
ജൈവവൈവിധ്യം സംരക്ഷിക്കുന്നു
പച്ചത്തുരുത്ത് പ്രവർത്തനം ഹരിതകേരള മിഷൻ ഏറ്റെടുത്തതു മുതൽ ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമാണ്. കാലാവസ്ഥാ വ്യതിയാനവും പശ്ചിമഘട്ട മലനിരകളുടെ ശോഷണവും ഏറെ ബാധിച്ച ജില്ലയിൽ ജൈവവൈവിധ്യ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിൽ പച്ചത്തുരുത്ത് മുഖ്യ പങ്കു വഹിച്ചു. ഹരിത കേരള മിഷൻ ഏകോപനത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനം വന്യജീവി വകുപ്പും സോഷ്യൽ ഫോറസ്ട്രിയും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കലാലയങ്ങളും ഒത്തുചേർന്നാണ് പച്ചത്തുരുത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നത്.