കടലൂർ: തമിഴ്നാട്ടിലെ കടലൂരിൽ സ്കൂൾ ബസ് ട്രെയിനിൽ ഇടിച്ച് നാലു വിദ്യാർഥികൾക്കു ദാരുണാന്ത്യം. പത്തിലേറെ കുട്ടികൾക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്.കടലൂരിനും ആലപ്പാക്കത്തിനും ഇടയിലുള്ള ലെവൽ ക്രോസിംഗിൽ ഇന്നു രാവിലെ 7.45ഓടെയാണ് അപകടം. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസുമായി സ്കൂൾ ബസ് കൂട്ടിയിടിക്കുകയായിരുന്നു.
കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടു വിദ്യാർഥികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആറാം ക്ലാസ് വിദ്യാർഥി നിവാസ്, പതിനൊന്നാം ക്ലാസ് വിദ്യാർഥിനി ചാരുമതി എന്നിവരുടെ മൃതദേഹങ്ങളാണു തിരിച്ചറിഞ്ഞത്.
ലെവൽ ക്രോസിംഗിൽ ഗേറ്റ് അടയ്ക്കാതെ ജീവനക്കാരൻ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. രോഷാകുലരായ നാട്ടുകാർ ഗേറ്റ് കീപ്പർ പങ്കജ് ശർമയെ തല്ലിച്ചതച്ചു. ഇയാളെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടൻതന്നെ ട്രെയിൻ എൻജിൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടു.
സംഭവത്തിൽ എൻജിൻ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ലെവൽ ക്രോസിംഗിൽ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്നുപോയതാണ് എന്നായിരുന്നു റെയിൽവേയുടെ ആദ്യപ്രതികരണം. പിന്നീട് വാൻ ഡ്രൈവറെ കുറ്റപ്പെടുത്തി ഔദ്യോഗിക വാര്ത്താക്കുറിപ്പ് ഇറക്കി.എന്നാൽ, ട്രെയിൻ എത്തുമ്പോൾ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ക്രോസിംഗിന്റെ ഉത്തരവാദിത്തമുള്ള റെയിൽവേ ജീവനക്കാർ ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവം നാട്ടുകാരിൽ വൻപ്രതിഷേധത്തിന് ഇടയാക്കി. റെയിൽവേ ക്രോസിംഗുകളിൽ കർശന സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.