കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രാവിലെ മുതല് ആരംഭിച്ച് സ്വകാര്യ ബസ് പണിമുടക്ക് പൂര്ണം.മിക്കയിടത്തും യാത്രക്കാര്ക്ക് സമാന്തരസര്വീസുകളെയും കെഎസ്ആര്ടിസിയെയും ആശ്രയിക്കേണ്ടിവന്നു. രാവിലെ ജോലിക്ക് പോകേണ്ടവരെയും വിദ്യാര്ഥികളെയുമാണ്
പണിമുടക്ക് ഏറെ ബാധിച്ചത്. കെഎസ്ആര്ടിസി മുഴുവന് സര്വീസുകളും നടത്തുന്നുണ്ടെന്ന് അധികൃതര് അറിയിച്ചു.
ദീര്ഘദൂരയാത്രക്കാര് ഏറെയും ആശ്രയിച്ചത് കെഎസ്ആര്ടിസിയെയാണ്.ദീര്ഘ ദൂര സര്വീസ് പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള് ഏര്പ്പെടുത്താന് ചീഫ് ട്രാഫിക് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
ഇന്ന് കൂടുതല് സര്വീസുകള് നടത്തിയതോടെ വരുമാനവര്ധനവ് കൂടി കെഎസ്ആര്ടിസി ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്സ്പോര്ട്ട് കമ്മീഷണര് നടത്തിയ ചര്ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്.
വിദ്യാര്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക, വ്യാജ കണ്സെഷന് കാര്ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്മിറ്റ് പുതുക്കി നല്കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില് പരിഹാരമുണ്ടായില്ലെങ്കില് 22 മുതല് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.