മുഖ്യമന്ത്രിക്കും കേരള മന്ത്രിമാര്‍ക്കും കൂകിവിളിയും ശകാരവും, കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകളില്‍ പ്രതിഷേധം മറന്ന് തീരവാസികള്‍, ഓഖി സിപിഎമ്മിന്റെ തീരദേശ അടിത്തറ ഇളക്കുമോ

ഓഖി ചുഴലിക്കാറ്റിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് സംസ്ഥാനത്ത് രാഷ്ട്രീയ ചുഴി. തിരുവനന്തപുരത്തും മറ്റും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും തീരവാസികളുടെ പ്രതിഷേധം കണ്ട് മടങ്ങി പോകേണ്ടിവന്നു. പിണറായി വിജയന് നേരെയാണ് ജനങ്ങളുടെ ഏറ്റവും വലിയ പ്രതിഷേധമുണ്ടായത്. വിഴിഞ്ഞത്ത് ഞായറാഴ്ച്ച സന്ദര്‍ശനത്തിനെത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും ജനങ്ങള്‍ സമ്മതിച്ചില്ല. ഒടുവില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറിലാണ് അദേഹത്തെ പോലീസ് സ്ഥലത്തു നിന്നും മാറ്റിയത്.

ഓഖി ചുളലിക്കാറ്റ് സിപിഎമ്മിനും തീരമേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വേണ്ടത്ര മുന്നൊരുക്കം നടത്താതിരുന്നതും കാറ്റിനുശേഷം മന്ത്രിമാര്‍ സ്ഥലത്തൊതിരുന്നതും സിപിഎമ്മിനു തിരിച്ചടിയായി. തിരുവനന്തപുരത്തുകാരെ മോശമാക്കി സംസാരിച്ചതിന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരേ വലിയ വിമര്‍ശനവും ഏല്‌ക്കേണ്ടിവന്നു. സ്ത്രീകളടക്കം മന്ത്രിക്കു നേരെ കയര്‍ത്താണ് സംസാരിച്ചത്. അതേസമയം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എത്തിയപ്പോള്‍ തീരവാസികള്‍ അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയാറാകുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തീരദേശങ്ങളിലെത്തി ആളുകള്‍ക്കൊപ്പം ചിലവഴിച്ചിരുന്നു. രാഷ്ട്രീയമായി കോണ്‍ഗ്രസും ബിജെപിയും നേട്ടം കൊയ്തപ്പോള്‍ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഓഖി സമ്മാനിച്ചത്.

അതിനിടെ അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെയും തിരച്ചില്‍ തുടരുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിതമായ വിഴിഞ്ഞം മേഖല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണെന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സുനാമി ഉണ്ടായപ്പോള്‍ പോലുമില്ലാത്ത ജാഗ്രതയിലാണ് രക്ഷാസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. ബോട്ടുകളില്‍ ഒരു ചിപ്പോ അതുപോലെയുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നെങ്കില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകുമായിരുന്നെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം ഏന്ത് സഹായവും നല്‍കുമെന്നും അവര്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കി.

Related posts