വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന സ്ഥാനാരോഹണ വിശുദ്ധ കുർബാനമധ്യേ സുവിശേഷ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
ഇത് സ്നേഹത്തിന്റെ സമയമാണ്. നമുക്ക് ദൈവത്തിലേക്ക് നടക്കാം, മറ്റുള്ളവരെ സ്നേഹിക്കാം, സമാധാനമുള്ള ഒരു ലോകത്തിനായി പ്രാർഥിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തന്റെമേൽ ഭരമേല്പിച്ചിരിക്കുന്ന ഈ ദൗത്യത്തിൽ എല്ലാവരോടും നന്ദിപറയുന്നുവെന്ന് പറഞ്ഞാണ് മാർപാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. നാം ഒരുപാട് ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം നമുക്ക് വേദനിപ്പിക്കുന്നതായിരുന്നു. എന്നാൽ അതിനു ശേഷം വ്യക്തമാകുന്നത് ദൈവം തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല എന്നതിന്റെ ഉറപ്പാണ്.
ഞാൻ തെരഞ്ഞെടുക്കപ്പെട്ടത് എന്റെ എന്തെങ്കിലും മികവ് കൊണ്ടല്ല. അത് ദൈവഹിതമായിരുന്നു. ഒരു സംഗീതോപകരണത്തിലെ തന്ത്രികൾ എങ്ങനെ ഒരു സുന്ദരമായ സംഗീതം പുറപ്പെടുവിക്കുന്നുവോ അങ്ങനെയൊരു തെരഞ്ഞെടുപ്പായിരുന്നു അത്.
ഞാൻ ഭയത്തോടെ നിങ്ങളുടെ അടുത്തേക്ക് ഒരു സഹോദരനായാണ് വരുന്നത്. നിങ്ങളുടെ സന്തോഷത്തിലും വിശ്വാസത്തിലും നിങ്ങളുടെ സേവകനായി ഇരിപ്പാൻ, ദൈവത്തിലേക്കുള്ള സ്നേഹത്തിന്റെ പാതയിൽ നിങ്ങളുടെ ഒപ്പം നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരൊറ്റ കുടുംബമായി നമുക്ക് മുന്നോട്ടുപോകാം.
സ്നേഹവും ഐക്യവുമാണ് പ്രധാനമെന്നും മാർപാപ്പ പറഞ്ഞു. പിതാവിൽ നിന്ന് ക്രിസ്തു എങ്ങനെയാണോ ജനങ്ങളോ നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്, ഉത്ഥാനത്തിനു ശേഷം ആ ദൗത്യം നമ്മിലേക്ക് എത്തുകയാണ്. വിശുദ്ധ പത്രോസ് എങ്ങനെയാണ് ഈ ദൗത്യം നിർവഹിച്ചത്. പത്രോസിന്റെ ജീവിതം ദൈവത്തിന്റെ അനന്തമായ സ്നേഹം കൊണ്ട് നിറയപ്പെട്ടിരുന്നു.
അയൽക്കാരനെ സ്നേഹിക്കുക, സഹാദരന്മാരെ സ്നേഹിക്കുക. എന്റെ ആദ്യത്തെ ആഗ്രഹം ഐക്യമുള്ള ഒരു സഭ എന്നതാണ്. ക്രിസ്തുവിൽ നാമെല്ലാവരും ഒന്നായിരിക്കണം. ചെറിയ ചെറിയ സംഘങ്ങളായി ഒതുങ്ങുന്നതല്ല, മറ്റൊന്നിനേക്കാൾ മേധാവിത്വമുണ്ടെന്ന് കരുതുന്നതല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരിലേക്ക് നല്കുന്നതിനായാണ് നാം വിളിക്കപ്പെട്ടതെന്ന് ബോധ്യമുണ്ടാകണം. അത് സാധ്യമാകണമെങ്കിൽ മറ്റുള്ളവരുടെ സാമൂഹ്യവും ആത്മീയവുമായ സംസ്കാരങ്ങളെയും മൂല്യങ്ങളെയും മനസിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും മാർപാപ്പ പറഞ്ഞു.
വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായ ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ വിശുദ്ധ കുർബാനയോടെയാണ് ആരംഭിച്ചത്.
സ്ഥാനാരോഹണ ചടങ്ങുകൾക്കു മുമ്പായി മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെയുള്ള തന്റെ ആദ്യ പോപ്പ് മൊബീൽ സവാരി നടത്തി. പതാകകൾ വീശി “വിവ ഇൽ പാപ്പാ!’ എന്ന് ആർത്ത് വിളിക്കുന്ന വിശ്വാസ സാഗരത്തിനു നടുവിലൂടെയായിരുന്നു യാത്ര. ഏവരെയും കൈവീശി അഭിവാദ്യം ചെയ്ത് ചത്വരത്തിലേക്ക് പാപ്പാ എത്തിയപ്പോഴേക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ മണികൾ ഉറക്കെ മുഴങ്ങി.
മാർപാപ്പ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ അല്പസമയം പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനുശേഷം പ്രദക്ഷിണമായാണ് ബലിവേദിയിലെത്തിയത്.
വിശുദ്ധ കുർബാനമധ്യേ, ആദ്യ മാർപാപ്പയായിരുന്ന വിശുദ്ധ പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും, ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിച്ചതോടെ സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ് പൂർത്തിയായി. ലത്തീൻ-ഗ്രീക്ക് ഭാഷകളിലുള്ള സുവിശേഷപാരായണത്തിനുശേഷമാണ് മാർപാപ്പ പാലിയവും മോതിരവും സ്വീകരിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള മൂന്നു കർദിനാൾമാരാണ് ഈ ചടങ്ങ് നിർവഹിച്ചത്. ഡീക്കൻ കർദിനാളാണ് മാർപാപ്പയെ പാലിയം അണിയിച്ചത്.
തുടർന്ന് പാപ്പായുടെ മേൽ കർത്താവിന്റെ സാന്നിധ്യവും സഹായവും ഉണ്ടാകുവാനായി വൈദിക കർദിനാൾ പ്രത്യേക പ്രാർഥന ചൊല്ലുകയും ദൈവത്തിന്റെ അനുഗ്രഹം പ്രാർഥിക്കുകയും ചെയ്തു. അതിനുശേഷം മെത്രാൻ കർദിനാളിൽ നിന്ന് മാർപാപ്പ മോതിരം സ്വീകരിച്ചു.
പാലിയവും മോതിരവും സ്വീകരിച്ചതിനുശേഷം മാർപാപ്പ സുവിശേഷവും വഹിച്ച് ദൈവജനത്തെ ആശീർവദിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പേർ ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് മാർപാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു. അതിനുശേഷം മാർപാപ്പ സുവിശേഷ സന്ദേശം നൽകുകയും വിശുദ്ധ കുർബാന തുടരുകയും ചെയ്തു.
സ്ഥാനാരോഹണച്ചടങ്ങിൽ ഇന്ത്യയുൾപ്പെടെ നൂറിലേറെ ലോകരാജ്യങ്ങളിൽനിന്നായി ഔദ്യോഗിക പ്രതിനിധിസംഘങ്ങളും നേതാക്കളും രാജകുടുംബാംഗങ്ങളും പങ്കെടുക്കുന്നുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖ നേതാക്കൾ.
സ്നേഹവും ഐക്യവും പ്രധാനം: സമാധാനം പുലരുന്ന ലോകത്തിനായി ആഹ്വാനം ചെയ്ത് മാർപാപ്പ
