ഇതൊരു സിനിമക്കഥയല്ല! ആദ്യം ജനങ്ങള്‍ മകനെ വിജയിപ്പിച്ചു; പിന്നീട് മകന് പകരം അച്ഛന്‍ വന്നു; പഴവങ്ങാടിയിലെ ആ തെരഞ്ഞെടുപ്പ് ഇങ്ങനെ…

p-2ആദ്യം ജനങ്ങള്‍ മകനെ വിജയിപ്പിക്കുക. പിന്നീട് മകന് പകരം അച്ഛന്‍ വരിക. ഇതൊരു സിനിമക്കഥയല്ല. പത്തനംത്തിട്ടയിലെ പഴവങ്ങാടിയില്‍ സംഭവിച്ചതാണ്. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ കണ്ണങ്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ജയം പ്രകാശന്റേതുകൂടിയായി. രോഗബാധിതനായി സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാതിരുന്ന പ്രകാശന്റെ പിതാവ് തങ്കപ്പന്‍ പിള്ളയാണ് വിജയിച്ചത്. തങ്കപ്പന്‍പിള്ള –367, അനീഷ് തോമസ് (സിപിഎം) 332, അനൂപ് കൃഷ്ണ (കോണ്‍ഗ്രസ്) 179 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ച വോട്ടുകള്‍. 2015 നവംബറിലെ തിരഞ്ഞെടുപ്പില്‍ പഴവങ്ങാടി പഞ്ചായത്ത് നാലാം വാര്‍ഡില്‍ (കണ്ണങ്കര) ബിജെപിക്കു വേണ്ടി മല്‍സരിച്ചതു ചേത്തയ്ക്കല്‍ കണ്ണന്താനത്ത് പ്രകാശാണ്. പ്രചാരണത്തിനിടയില്‍ ഒക്ടോബര്‍ 23ന് ആണ് പ്രകാശിന്റെ കാതിനുള്ളില്‍ ചെറുപ്രാണി പാഞ്ഞു കയറിയത്.

നവംബര്‍ അഞ്ചിനു വോട്ടെടുപ്പ് കഴിഞ്ഞും ചെവിയിലെ വേദന തുടര്‍ന്നു. പ്രകാശ് വീണ്ടും ആശുപത്രിയിലേക്ക്. ചെവിയിലെ വേദന ഉടലിനെ പിടിച്ചു കുടയുന്നതിനിടയിലാണ് ജയമെത്തിയത്. അപ്പോഴും വേദനയോട് മല്ലിട്ട് ആശുപത്രിയില്‍. വേദന കടുത്തപ്പോള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അണുബാധയുണ്ടെന്നു കണ്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. നാലു വലിയ ശസ്ത്രക്രിയകളും എട്ടു ചെറു ശസ്ത്രക്രിയകളും നടത്തി.

മേയ് എട്ടിനാണ് പ്രകാശ് വീട്ടിലെത്തിയത്. പ്രാണിയുടെ ആക്രമണത്തില്‍ ഒരു കണ്ണിനും കാതിനും സാരമായ കേടുപറ്റിയായിരുന്നു മടക്കം. കിടക്ക വിട്ട് എഴുന്നേല്‍ക്കാന്‍ പറ്റാതായി. വീല്‍ ചെയറിലാണു സഞ്ചാരം. ഇതിനകം പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു. പ്രകാശിന് സത്യപ്രതിജ്ഞ ചെയ്യാന്‍ ചട്ടം അനുവദിക്കില്ലെന്ന് അതോടെ വ്യക്തമായി. പ്രകാശിന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. ബിജെപി നേതൃത്വം എഴുപത്തഞ്ചുകാരനായ പിതാവ് തങ്കപ്പന്‍ പിള്ളയെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനത്തിന് അനുകൂലമായി ഇന്നലെ ജനവിധിയും വന്നതോടെ ആഹ്ലാദത്തിലായി കണ്ണന്താനത്ത് വീട്.

Related posts