തൃശൂർ: പ്രളയ ധനസഹായമായി ജില്ലയിലെ വിവിധ മേഖലകളിൽ ഗുണഭോക്താക്കൾക്ക് ഇതുവരെ വിതരണം ചെയ്തത് 34.25 കോടി രൂപ. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട 1,25,932 പേർക്ക് പതിനായിരം രൂപവീതം 12.6 കോടിരൂപയും പട്ടികജാതിയിൽപ്പെട്ട 14,369 ഗുണഭോക്താക്കൾക്ക് 7.2 കോടിരൂപയും കൃഷിനാശം സംഭവിച്ച 22,961 പേർക്ക് കൃഷിവകുപ്പ് മുഖേന 14.45 കോടി രൂപയും ധനസഹായമായി നല്‍കിയതായി കളക്ടർ ടി.വി. അനുപമ അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പ് മുഖേന കർഷധനസഹായത്തിനായി 3500 ഗുണഭോക്താക്കൾക്കു നാലുകോടിരൂപ അനുവദിച്ചതായും വിവിധ പഞ്ചായത്തുകളിലെ മൃഗാശുപത്രികൾ വഴി തുക വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചതായും കളക്ടർ അറിയിച്ചു. കുടുംബശ്രീ വഴി റീസർജന്റ് കേരള ലോണ്‍ സ്കീമിന്റെ ഭാഗമായി 18,884 കുടുംബങ്ങൾക്ക് 116 കോടി രൂപ വായ്പ ലഭ്യമാക്കിയിട്ടുണ്ട്.
വീട് പൂർണമായും നഷ്ടപ്പെട്ട 3,498 വീടുകളുടെ പുനർനിർമാണം സംബന്ധിച്ച് സ്വമേധയാ വീട് പണിയുന്നവർക്കു നാലു ലക്ഷം രൂപ ഘട്ടംഘട്ടമായി അനുവദിക്കും. ഇവരിൽ ഇതിനോടകം സമ്മതപത്രം നൽകിയ 2097 പേർക്ക് ആദ്യഗഡുവായ 95,100 രൂപ വിതരണം ചെയ്തുകഴിഞ്ഞു. സർക്കാർതന്നെ വീട് പണിതുകൊടുക്കുന്നതിനു സമ്മതപത്രം നൽകിയവരിൽ 460 പേർക്കു സഹകരണവകുപ്പ് വഴി വീടുകൾ പണിതുകൊടുക്കുന്നുണ്ട്.
സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിപ്രകാരമുളള 460 വീടുകളിൽ 403 വീടുകൾ നിർമിക്കുന്നതിനുള്ള ഉപഭോക്തൃ കമ്മിറ്റി രൂപീകരിച്ച് 165 വീടുകളുടെ നിർമാണം ആരംഭിച്ചു. സഹകരണവകുപ്പ് കൂടാതെ ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ് തുടങ്ങിയ സന്നദ്ധ സംഘടനകൾ മുഖേനയും സമ്മതപത്രം തന്നവർക്കു വീട് പണിതുകൊടുക്കുന്നുണ്ട്. ഇതിനായി ത്രികക്ഷി കരാർ ഒപ്പിടുന്നവർക്ക് ആദ്യഗഡുവായ 95,100 രൂപ അനുവദിച്ചു.
കൂടാതെ വീടുകൾ പൂർണമായി നഷ്ടപ്പെട്ടിട്ടും ഭൂമി സംബന്ധിച്ച തർക്കമുള്ള 300ഓളം കേസുകളിൽ ആദ്യഗഡു വിതരണം ചെയ്യുവാൻ സാധിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ തർക്കം പരിഹരിച്ച് സമ്മതപത്രം ലഭിക്കുന്നതിനായി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുമായി സഹകരിച്ച് എല്ലാ താലൂക്ക് തലത്തിലും 10 മുതൽ അദാലത്തുകൾ നടത്തും.
പ്രളയത്തിൽ വീടിനു നാശനഷ്ടം സംഭവിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ ലിസ്റ്റിൽ ഉൾപ്പെടാത്തവരുടെയും നഷ്ടശതമാനം തെറ്റായി രേഖപ്പെടുത്തിയവരുടെയും കളക്ടറേറ്റിൽ സ്വീകരിച്ചിട്ടുള്ള 5072 അപ്പീൽ അപേക്ഷകളിൻമേൽ പരിശോധന നടത്തുന്നതിന് എൻജിനീയർമാരുടെ 40 പാനലുകൾ രൂപീകരിച്ച് പരിശോധനാറിപ്പോർട്ടുകൾ ലഭ്യമാക്കി ലിസ്റ്റിൽ വേണ്ടതായ മാറ്റങ്ങൾ വരുത്തുന്നതിനു നടപടി സ്വീകരിച്ചു വരുന്നതായും ജില്ലാ കളക്ടർ അറിയിച്ചു.