പിണറായി: കഴിഞ്ഞ ദിവസം പറമ്പായിയിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് മരിച്ച യുവതിയുടെ മാതാവ്.
നീതി കിട്ടാനായി അടുത്ത ദിവസം സ്റ്റേഷനിൽ പരാതി നൽകുമെന്നും ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പറമ്പായിയിലെ റസീന വീടിനകത്ത് ആത്മഹത്യ ചെയ്തത്.
” ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. അറസ്റ്റിലായ പ്രതികൾ അടുത്ത ബന്ധുക്കളും യാതൊരു പ്രശ്നങ്ങൾക്കും പോകാത്തവരുമാണ്. ഇവരെ വിട്ടുകിട്ടണം.
സഹോദരിയായതുകൊണ്ടാണ് ഇവർ പ്രശ്നത്തിൽ ഇടപെട്ടത്. നല്ലതിന് വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. മകളുടെ സുഹൃത്തായ യുവാവ് ചൂഷണം ചെയ്തു വരികയായിരുന്നു.
ഇതിലൂടെ അവളുടെ സ്വർണവും പണവും നഷ്ടപ്പെട്ടുവെന്നും റസീനയുടെ ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റസീനയുടെ മരണത്തിന് കാരണം ആൺ സുഹൃത്താണെന്നും ഇവർ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കേസിൽ മൂന്നുപേരെ കഴിഞ്ഞ ദിവസം പിണറായി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.