ചെമ്മീന്‍ കഴിച്ച ശേഷം നാരങ്ങാവെള്ളം കുടിച്ചാല്‍ കാറ്റുപോകുമോ ? ഈ കോമ്പിനേഷന്റെ പ്രശ്‌നം എന്തെന്ന് തുറന്നു പറഞ്ഞ് ഡോക്ടര്‍മാര്‍;കുറിപ്പ് വായിക്കാം…

ചെമ്മീനും നാരങ്ങയും ഒരുമിച്ച് കഴിച്ച് മരണം സംഭവിച്ച പല വാര്‍ത്തകളും നമ്മള്‍ സമീപകാലത്ത് കേള്‍ക്കുന്നുണ്ട്. ചെമ്മീനും നാരങ്ങയും ഒരുമിച്ച് കഴിച്ചാല്‍ പ്രശ്നമാണോ? ഇവ വിരുദ്ധ ആഹാരങ്ങളാണോ? എന്ന ചോദ്യമാണ് നിരവധി ആളുകള്‍ ചോദിക്കുന്നത്.. ഈ സംശയങ്ങളെല്ലാം പരിഹരിക്കുകയാണ് ഫേസ്ബുക്കിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍…

ഇന്‍ഫോ ക്ലിനിക്ക് കുറിപ്പ് ഇങ്ങനെ;

‘ഡോക്ടറെ, ചെമ്മീനും നാരങ്ങാവെള്ളവും കൂടെ കഴിച്ചാല്‍ കുഴപ്പമാണെന്ന് ആരോ പറഞ്ഞപ്പോള്‍ നിങ്ങള്‍ കളിയാക്കിയില്ലേ. അതൊക്കെ വെറുതെയാണെന്ന് ലേഖനവുമെഴുതി. പക്ഷെ ഇന്നലെ എന്റെ കൂട്ടുകാരന്‍ ചെമ്മീന്‍ റോസ്റ്റൊക്കെ കൂട്ടി ഭക്ഷണം കഴിച്ച് ഒരു ലൈം ജ്യൂസും കൂടി അങ്ങു കാച്ചി. ജ്യൂസ് കുടിച്ച് കഴിഞ്ഞതും ശരീരമാകെ ചൊറിഞ്ഞു തടിച്ചു മുഖമൊക്കെ നീര് വച്ച് ശ്വാസം മുട്ടലും ബോധക്കേടും ഒക്കെയായി ആകെ എടങ്കേറായി. തൊട്ടടുത്തു ആശുപത്രിയുള്ളത് കൊണ്ട് രക്ഷപ്പെട്ടൂന്ന് പറഞ്ഞാ മതി. നിങ്ങളല്ലേ പറഞ്ഞത് ചെമ്മീനും നാരങ്ങാവെള്ളവും കുഴപ്പമില്ലാന്ന്…??? ‘

അയ്യോ മാഷേ, ഇതു ചെമ്മീന്‍-നാരങ്ങ കോമ്പിനേഷന്റെ പ്രശ്നമല്ല.. അലര്‍ജി ആണ് അലര്‍ജി… സൂര്യനും സൂര്യനു താഴെയുള്ളതെന്തും അലര്‍ജിയുണ്ടാക്കാം…

എങ്കില്‍ പിന്നെ ഒന്ന് നോക്കി കളയാം…

എന്താണീ അലര്‍ജി?

ഒരു സാങ്കല്‍പ്പിക മനുഷ്യനെ വിചാരിക്കൂ… അദ്ദേഹം ചില സാധനങ്ങളെയോ ജീവികളെയോ കാണുമ്പോള്‍ അമിതമായി പേടിക്കുകയും പ്രകോപിതനാകുകയും ചെയ്യുന്നു. അത് പോലെ ശരീരവുമായി സമ്പര്‍ക്കത്തില്‍ വരുന്ന പദാര്‍ത്ഥങ്ങളോട് നമ്മുടെ പ്രതിരോധശക്തി അമിതമായി പ്രതികരിക്കുന്നതിനെയാണ് അലര്‍ജി അല്ലെങ്കില്‍ അലര്‍ജിക് റിയാക്ഷന്‍ എന്നു പറയുന്നത്.

നമ്മുടെ ശരീരത്തിലെ പ്രതിരോധ ശക്തിയുടെ കാവല്‍പടയായ ശ്വേതരക്താണുക്കളാണ് ഈ പദാര്‍ത്ഥങ്ങളെ പ്രതിരോധിച്ച് പുറന്തള്ളാന്‍ ശ്രമിക്കുന്നത്.

കൈകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരില്‍ വരെ അലര്‍ജി ഉണ്ടാകാം. ഏത് പ്രായത്തിലും ഇത് ആരംഭിക്കാവുന്നതാണ് . മാതാപിതാക്കളില്‍ അലര്‍ജി ഉണ്ടെങ്കില്‍ മക്കളില്‍ അലര്‍ജി വരാനുള്ള സാധ്യത നാലിരട്ടിയോ അതിലധികമോ ആണ്.

ചൊറിച്ചില്‍, തുമ്മല്‍ പോലെയുള്ള നിസാര പ്രശ്നങ്ങള്‍ മുതല്‍ ആസ്ത്മ പോലെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥകളും, അപൂര്‍വ്വമായെങ്കിലും ഗുരുതരവും മാരകവുമായ അനാഫൈലക്സിസ് എന്ന അവസ്ഥയും അലര്‍ജിക് റിയാക്ഷന്‍ മൂലം ഉണ്ടാകാം.

അലര്‍ജി ഉണ്ടാക്കുന്ന വസ്തുവിനെ അലര്‍ജന്‍ (allergen) എന്നു വിളിക്കുന്നു . ശരീരത്തിന്റെ പ്രതിരോധശക്തിയെ ഉത്തേജിപ്പിച്ചു ആന്റിബോഡി (antibody) ഉല്പാദിപ്പിക്കുവാന്‍ സഹായിക്കുന്ന അലര്‍ജനില്‍ അടങ്ങിയിരിക്കുന്ന ഘടകം ആന്റിജന്‍(antigen) എന്നറിയപ്പെടുന്നു.
പൂമ്പൊടി, പൊടി, പുക, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ എന്നിവ ഇതില്‍ ചിലതു മാത്രം..

അലര്‍ജനുകള്‍ വിവിധ തരത്തില്‍ ശരീരവുമായി സമ്പര്‍ക്കത്തില്‍ വരാം

?? ശ്വസനത്തിലൂടെ –
അന്തരീക്ഷത്തിലുള്ള ഇവ aeroallergens എന്നാണ് അറിയപ്പെടുന്നത്. പൊടി, പുക, പൂമ്പൊടി മുതലായവ ഈ ഗണത്തില്‍ പെടുന്നു.

??ഭക്ഷിക്കുന്നതിലൂടെ –
ഭക്ഷണപദാര്‍ത്ഥങ്ങളും (food allergens) മരുന്നുകളും. മുട്ട, പാല്‍, ഇറച്ചി, ചില തരം മത്സ്യം, പയര്‍വര്‍ഗങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ

??ചര്‍മ്മവുമായോ /ശ്ലേഷ്മ സ്തരവും ആയോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ –
contact allergens എന്നറിയപ്പെടുന്ന ഇവ കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് (contact dermatitis), അര്‍ട്ടിക്കേരിയ(urticaria), അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റിസ് (allergic conjunctivitis) മുതലായ രോഗങ്ങള്‍ക്കു കാരണമാകുന്നു.

??കുത്തിവയ്ക്കുന്നതിലൂടെ – കടന്നല്‍ കുത്ത്, ഇന്‍ജക്ഷനായുള്ള മരുന്നുകള്‍

അലര്‍ജിക് റിയാക്ഷന്‍ നാല് ആയി തരം തിരിക്കാം

??Type 1 ഹൈപ്പര്‍ സെന്സിറ്റിവിറ്റി റിയാക്ഷന്‍ (Type 1 hypersensitivity reaction)

ഇതു ഇമ്മ്യൂണോഗ്ലോബുലിന്‍ ഇ (IgE) എന്ന ആന്റിബോഡിയുടെ ഉത്പാദനം മൂലം ഉണ്ടാകുന്ന ഒന്നാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ പോലും സംഭവിക്കാവുന്ന ഈ റിയാക്ഷന്‍ ഇമ്മീഡിയേറ്റ് ഹൈപെര്‍സെന്‍സിറ്റിവിറ്റി (immediate hypersensitivity) എന്നും അറിയപ്പെടുന്നു.

ഒരു ആന്റിജന്‍ ആദ്യമായി ശരീരവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഈ ആന്റിജന് എതിരെയുള്ള നിശ്ചിത (specific) ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടുന്നു. വീണ്ടും ഇതേ ആന്റിജന്‍ ശരീരവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ മുന്‍പ് ഉല്പാദിപ്പിക്കപ്പെട്ട നിശ്ചിത ആന്റിബോഡി വലിയ തോതില്‍ ഉണ്ടാകുകയും അവ ആന്റിജനുമായി കൂടി ചേരുകയും ചെയ്യുന്നു.
ഈ ആന്റിജന്‍ ആന്റിബോഡി സംയുക്തം ത്വക്കിലുള്ള mast cells എന്ന കോശങ്ങളെ ഉത്തേജിപ്പിച്ചു അവയില്‍ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിന്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളെ പുറത്തേയ്ക്ക് തള്ളുന്നു.

Type 1 ഹൈപ്പര്‍ സെന്സിറ്റിവിറ്റി റിയാക്ഷന്‍ മൂലമുണ്ടാവുന്ന ചില പ്രധാന രോഗാവസ്ഥകള്‍.

??അര്‍ട്ടിക്കേരിയ (urticaria)

ഹിസ്റ്റമിന്‍ രക്തക്കുഴലുകള്‍ വികസിക്കാനും ശ്വാസകോശത്തിലെ കുഴലുകള്‍ ചുരുങ്ങാനും കാരണമാകുന്നു. തന്മൂലം ത്വക്കിലും ശ്ലേഷ്മ സ്തരത്തിലും, ചിലപ്പോള്‍ ശ്വാസനാളത്തിലും നീര്‍വീക്കം ഉണ്ടാകുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചിലോടു കൂടിയ ചുവന്ന അല്‍പ്പായുസുള്ള തടിപ്പുകള്‍ കണ്ടു വരുന്നു. മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ യാതൊരു പാടും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. ഇതിനെ അര്‍ട്ടിക്കേരിയ (urticaria) എന്നു പറയുന്നു.

??ആഞ്ജിയോഎഡീമ (angioedema)

ചുണ്ടിലും കണ്‍പോളകളിലും ഇത്തരം തടിപ്പുകള്‍ ചൊറിച്ചിലിനേക്കാള്‍ കൂടുതല്‍ വേദനയുള്ളവയായും ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതായും കണ്ടു വരുന്നു . ഇതാണ് ആഞ്ജിയോഎഡീമ (angioedema).

??അനാഫൈലാക്സിസ് (anaphylaxis)

അലര്‍ജിയുടെ ഭാഗമായി രക്തക്കുഴലുകള്‍ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകള്‍ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മര്‍ദം താഴുക, ചുമ , ശ്വാസതടസ്സം, ഹൃദയസ്തംഭനം, അബോധാവസ്ഥ തുടങ്ങി മരണം വരെ സംഭവിക്കാവുന്ന സങ്കീര്‍ണമായ അവസ്ഥയാണ് അനാഫൈലാക്സിസ് (anaphylaxis). ചില മരുന്നുകള്‍ കുത്തിവയ്ച്ച ശേഷം പെട്ടെന്ന് മരണം സംഭവിക്കുന്നത് ഈ അനാഫൈലാക്സിസ് മൂലമാണ്.

??അറ്റോപിക് ഡിസോര്‍ഡേഴ്സ് (atopic disorders)

അലര്‍ജിക് റൈനൈറ്റിസ് (allergic rhinitis), ആസ്ത്മ(asthma), അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റിസ് (allergic conjunctivitis) , അറ്റോപിക് എക്‌സിമ (atopic eczema) എന്നീ രോഗങ്ങള്‍ ചേര്‍ന്നതാണ് അറ്റോപിക് ഡിസോര്‍ഡേഴ്സ്.

??അറ്റോപിക് എക്‌സിമ (അറ്റോപിക് ഡെര്‍മറ്റൈറ്റിസ്)

കുട്ടികളില്‍ വളരെ സാധാരണയായി കണ്ടു വരുന്ന ത്വക് രോഗമാണ് അറ്റോപിക് എക്‌സിമ. കൈ കുഞ്ഞുങ്ങളില്‍ കവിളത്തും, മുട്ടിലിയഴയാന്‍ തുടങ്ങുമ്പോള്‍ കാലുകളിലും കൈകളിലും, വെള്ളമൊലിക്കുന്ന ചുവന്ന പാടുകളായും, മുതിര്‍ന്നവരില്‍ കൈകാല്‍ മടക്കുകളില്‍ കറുത്ത കട്ടിയുള്ള തടിപ്പുകളായും അറ്റോപിക് എക്‌സിമ കണ്ടു വരുന്നു. അസഹനീയമായ ചൊറിച്ചില്‍ ഒരു പ്രധാനരോഗലക്ഷണമാണ്.

??അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റിസ് (allergic conjunctivitis)

നമ്മുടെ കണ്ണിലെ നേത്ര ഗോളങ്ങളെ പൊതിഞ്ഞിരിക്കുന്ന ആവരണമായ കണ്‍ജങ്ക്റ്റിവ (conjunctiva) എന്ന് പറയുന്ന പാളിക്ക് ഉണ്ടാകുന്ന അലര്‍ജി മൂലമുള്ള നീര്‍കെട്ട് ആണ് ‘അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റീസ്’ എന്ന പേരില്‍ അറിയപ്പെടുന്നത്. സാധാരണഗതിയില്‍ കണ്ണില്‍ ചൊറിച്ചില്‍, ചുവപ്പ്, കണ്‍പോളകളില്‍ ചെറിയ കുരു പോലെയുള്ള പൊങ്ങലുകള്‍, അവയുടെ തട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണും.
ഈ അലര്‍ജിക്കു കാരണം എന്ത് വേണമെങ്കിലും ആകാമെങ്കിലും സാധാരണയായി പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം, ചിലയിനം മരുന്നുകള്‍, മുഖത്ത് ഇടുന്ന ചില ലേപനങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹെയര്‍ ഡൈ മുതലായവ ആണ്.
അന്തരീക്ഷ മലിനീകരണം, പൊടി, ഇടയ്ക്കിടെയുള്ള കാലാവസ്ഥ വ്യതിയാനമനുസരിച്ചും (ചൂടുകാലവും തണുപ്പ് കാലവും പെട്ടെന്ന് മാറുന്ന മാസങ്ങളില്‍), ചില ബാക്റ്റീരിയകളോടുള്ള പ്രതിപ്രവര്‍ത്തന ഫലമായും ഈ രോഗം ഉണ്ടാകാം.

??അലര്‍ജിക് റൈനൈറ്റീസ് (allergic rhinitis/ hay fever)

അന്തരീക്ഷത്തിലുള്ള പൂമ്പൊടി പോലെയുള്ള അലര്‍ജനുകള്‍ മൂലം ഉണ്ടാകുന്ന രോഗമാണ് അലര്‍ജിക് റൈനൈറ്റീസ് (allergic rhinitis) അഥവാ hay fever. അലര്‍ജനുമായി സമ്പര്‍ക്കത്തില്‍ വന്ന ശേഷം മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, കണ്ണ്, ചെവി, തൊണ്ട, മൂക്ക് ചൊറിച്ചില്‍ എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങള്‍.

??ആസ്തമ

അലര്‍ജി മൂലം ശ്വാസനാളം ചുരുങ്ങുകയും, കഫം നിറഞ്ഞു ചുമയും ശ്വാസതടസ്സവും ഉണ്ടാകുന്ന അവസ്ഥയാണ് ആസ്തമ.

മാസ്റ്റ് കോശങ്ങളില്‍ നിന്നും പുറത്തു വരുന്ന ചില ഘടകങ്ങള്‍ രക്തത്തിലെ ശ്വേതാണുക്കളായ ഇയോസ്നോഫിലുകളെ ആകര്‍ഷിക്കുന്നു.ഇതിനാല്‍ മേല്പറഞ്ഞ മിക്കവാറും എല്ലാ അവസ്ഥയിലും രക്തത്തിലെ ഈയോസിനോഫില്‍ കൗണ്ട് കൂടി കാണപ്പെടുന്നു. ഇതിനെ ഇയോസിനോഫിലിയ എന്നു വിളിക്കുന്നു. ഇയോസിനോഫിലിയ ഒരു രോഗമല്ല, പല രോഗങ്ങളിലും കണ്ടു വരുന്ന രക്തത്തിലുണ്ടാകുന്ന വ്യതിയാനം മാത്രമാണ്.

രക്തത്തിലെ IgEയുടെ അളവ് മേല്പറഞ്ഞ രോഗാവസ്ഥകളില്‍ കൂടുന്നതായി കാണാറുണ്ടെങ്കിലും എപ്പോഴും കൂടണം എന്നില്ല. സാധാരണ അളവില്‍ IgE ഉള്ളവരിലും ഈ രോഗങ്ങളുണ്ടാകാം.

??ടൈപ്പ് 2 ഹൈപെര്‍സെന്സിറ്റിവിറ്റി റിയാക്ഷന്‍(Type 2 hypersensitivity reaction)

ശരീരത്തിന് ദോഷകരമല്ലാത്ത ആന്റിജനുകള്‍ക്കെതിരെ ആന്റിബോഡി ഉത്പ്പാദിപ്പിക്കുന്ന അവസ്ഥയാണിത്. ഇങ്ങനെ ഉണ്ടാകുന്ന ആന്റിബോഡി ശരീരത്തിലെ ആവശ്യഘടകങ്ങള്‍ക്കെതിരെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഇതിനുദാഹരണങ്ങളാണ് വൃക്കകളെ ബാധിക്കുന്ന ഗുഡ് പാസ്റ്റര്‍സ് സിന്‍ഡ്രോം (Goodpasture’s syndrome), ചുവന്ന രക്താണുക്കള്‍ക്കെതിരെ ആന്റിബോഡി ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂണ്‍ ഹീമോലിറ്റിക് അനീമിയ (autoimmune hemolytic anaemia ), നാഡീവ്യൂഹത്തെ ബാധിക്കുന്ന മയാസ്ഥിനിയ ഗ്രാവിസ് (myaesthenia gravis), മാറ്റിവയ്ക്കപ്പെട്ട അവയങ്ങളുടെ തിരസ്‌കരണം(transplant rejection), ശരീരത്തില്‍ രക്തം കയറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന റിയാക്ഷനുകള്‍ (transfusion reactions) എന്നിവ.

??ടൈപ്പ് 3 ഹൈപെര്‍സെന്സിറ്റിവിറ്റി റിയാക്ഷന്‍ (Type 3 hypersensitivity reaction)

വലിയ തോതില്‍ ആന്റിജന്‍ ആന്റിബോഡി സംയുക്തങ്ങള്‍ ഉണ്ടാകുകയും അവ നീക്കം ചെയ്യാന്‍ ശരീരത്തിന് കഴിയാതെ വരുന്ന സാഹചര്യത്തില്‍ ഇവ രക്തക്കുഴലുകളിലും വൃക്കയിലും അടിഞ്ഞു കൂടുന്നു.

സിസ്റ്റമിക് ലൂപസ് എരിഥിമറ്റോസിസ്(Systemic lupus erythematosis – SLE), ഹെനോഷ് ഷോണ്‍ലെയ്ന്‍ പര്‍പ്യുര ( Henoch Schonlein purpura- HSP), റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ രോഗങ്ങള്‍ ഇതിനുദാഹരണമാണ്.

??ടൈപ്പ് 4 ഹൈപെര്‍സെന്സിറ്റിവിറ്റി റിയാക്ഷന്‍ (Type 4 hypersensitivity reaction)

രക്തത്തിലെ റ്റി ലിംഫോസൈറ്റ് (T lymphocyte) കോശങ്ങളാണ് ഇവിടെ പ്രധാന പങ്കു വഹിക്കുന്നത്. ചര്‍മ്മവുമായി അലര്‍ജന്‍ നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നതു മൂലം ഉണ്ടാകുന്ന കോണ്‍ടാക്ട് ഡെര്‍മറ്റൈറ്റിസ് (contact dermatitis) ആണ് ഉത്തമോദാഹരണം.
അലര്‍ജനുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയാല്‍ ഈ റിയാക്ഷന്‍ മാറുന്നു. ചില സന്ദര്‍ഭങ്ങളില്‍ സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ആവശ്യമായി വന്നേക്കാം.

സ്റ്റീവന്‍സ് ജോണ്‍സന്‍ സിന്‍ഡ്രോം (Stevens Johnson syndrome -SJS), DHS (Drug hypersensitivity syndrome) പോലെയുള്ള മരുന്നുകളോടുള്ള അലര്‍ജിയും ഇത്തരം റിയാക്ഷന്റെ ഉദാഹരണമാണ്.ടൈപ്പ് 4 ഹൈപെര്‍സെന്‍സിറ്റിവിറ്റി ആണ്
ക്ഷയരോഗ നിര്‍ണയത്തിനായി ചെയ്യുന്ന മാന്റോ(mantoux) ടെസ്റ്റിന്റെയും ആധാരം.

റിയാക്ഷന്‍ രൂപപ്പെടാന്‍ 12 മണിക്കൂര്‍ വരെ കാലതാമസം വരുന്നതിനാല്‍ ടൈപ്പ് 4 ഹൈപെര്‍സെന്സിറ്റിവിറ്റി ഡിലെയ്ഡ് ടൈപ് ഹൈപെര്‍സെന്സിറ്റിവിറ്റി ( delayed type hypersensitivity) എന്നും അറിയപ്പെടുന്നു.

??ചികിത്സ

അലര്‍ജി ഒരു ശരീരപ്രകൃതമാണ് എന്ന് പറയാം. ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോഴാണ് മിക്കവാറും പേര്‍ ചികിത്സ തേടുന്നത് .
എന്നാല്‍, അര്‍ട്ടിക്കേരിയ, ആഞ്ജിയോ എഡിമ, അനാഫൈലക്സിസ്, മരുന്നുകളോടുള്ള അലര്‍ജി തുടങ്ങിയ ഗുരുതരമായ റിയാക്ഷനുകള്‍ ഉടനടി ആശുപത്രികളില്‍ പോയി ചികിത്സ തേടേണ്ട രോഗാവസ്ഥകളാണ്. ഇല്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാം.

അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങളുമായി ഇടപഴകാതിരിക്കുക എന്നതാണ് ചികിത്സയുടെ അടിസ്ഥാനശില. പൊടി, പുക, തണുപ്പ്, വെയില്‍ തുടങ്ങി എന്താണോ അലര്‍ജി ഉണ്ടാക്കുന്നത്, അതുമായി സമ്പര്‍ക്കം ഒഴിവാക്കുക.
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതാതു മേഖലയിലെ വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ് .

അലര്‍ജിക്ക് കാരണമാവുന്ന ഇന്റര്‍ലൂക്കിന്‍, ലൂക്കോട്രെയീന്‍, ഹിസ്റ്റമീന്‍ തുടങ്ങിയ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന രാസഘടകങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ആന്റിഹിസ്റ്റമിന്‍ പോലെയുള്ള മരുന്നുകളാണ് അലര്‍ജിയുടെ ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ചില അവശ്യ ഘട്ടങ്ങളില്‍ സ്റ്റിറോയ്ഡ്, അഡ്രിനാലിന്‍ തുടങ്ങിയ വേണ്ടി വന്നേക്കാം.

ഗുളികകളും ഇഞ്ചക്ഷനും കൂടാതെ അലര്‍ജി ബാധിച്ച ശരീരഭാഗത്തിന് അനുയോജ്യമായി, ഉദാഹരണത്തിന്, നേത്രരോഗത്തിനു തുള്ളി മരുന്നുകള്‍, ചര്‍മ്മരോഗത്തിന് ലേപനങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ക്കു സ്പ്രേ, ഇന്‍ഹേലര്‍ എന്നിങ്ങനെ വ്യത്യസ്ത ഫോര്‍മുലേഷനുകളില്‍ മരുന്നുകള്‍ ലഭ്യമാണ് .
ചില മരുന്നുകള്‍ ദീര്‍ഘകാലം സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്, എന്നാല്‍ ചിലത് ചെറിയ കാലയളവില്‍ മാത്രം ഉപയോഗിക്കേണ്ടതും. അതിനാല്‍ തന്നെ, അലര്‍ജിക്ക് സ്വയം ചികിത്സ തികച്ചും ആപല്‍ക്കരമാണ്.
അലര്‍ജിക്ക് ഉപയോഗിക്കുന്ന ആന്റിഹിസ്റ്റമിന്‍ മരുന്നുകളുടെ ഒരു പ്രധാന പാര്‍ശ്വഫലമാണ് ആണ് സെഡേഷന്‍ അഥവാ ഉറക്കം വരിക എന്നത് .അതുകൊണ്ടുതന്നെ അലര്‍ജി മരുന്നു കഴിക്കുന്നവര്‍ വാഹനമോടിക്കുകയോ, മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സെഡേഷന്‍ തീരെ ഇല്ലാത്തതും ദീര്‍ഘസമയം ഫലം കിട്ടുന്നതും ആയിട്ടുള്ള മരുന്നുകളും ഇന്ന് ലഭ്യമാണ്.

അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റിസിന് കണ്‍ജക്റ്റിവയില്‍ കുത്തിവയ്ക്കുന്ന മരുന്നുകളും ലഭ്യമാണ്. അപൂര്‍വമായി അലര്‍ജി മൂലമുള്ള തടിപ്പുകളില്‍ സര്‍ജറി വേണ്ടി വന്നേക്കാം.
അറ്റോപിക് ഡെര്‍മറ്റൈറ്റിസിന് ഫോട്ടോതെറാപ്പി ചികിത്സ ഫലപ്രദമാണ്.

??രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

?? അലര്‍ജിക്കു കാരണമായ ഘടകങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.

??മരുന്നിനോട് ഒരിക്കല്‍ അലര്‍ജി വന്നിട്ടുള്ളവര്‍ കാരണമായ മരുന്നുകളുടെ പേരുകള്‍ ഓര്‍ത്തു വയ്ക്കുകയും പേഴ്സിലോ മറ്റോ എഴുതി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. അടുത്ത ബന്ധുക്കളും ഇതേ പറ്റി ബോധവാന്മാര്‍ ആയിരിക്കണം . ഏതു രോഗത്തിന്റെ ചികിത്സക്കായി ആശുപത്രിയില്‍ പോകേണ്ടി വന്നാലും മരുന്നിന്റെ വിവരങ്ങള്‍ ഡോക്ടറെ ധരിപ്പിക്കണം.

??രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അതാതു മേഖലയിലെ വിദഗ്ധ ഡോക്ടറുടെ സേവനം തേടുക

??അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ഉള്ളവര്‍ ചര്‍മ്മം വരളാതെ സൂക്ഷിക്കുക, എണ്ണകളും മോയ്സചറൈസറുകളും ഇതിനായി ഉപയോഗിക്കാം.

??മരുന്നുകള്‍ ഉപയോഗിച്ച് ചൊറിച്ചില്‍ നിയന്ത്രണവിധേയമാക്കുക.

??അലര്‍ജിക് കണ്‍ജങ്ക്റ്റിവൈറ്റിസ് ഉള്ളവര്‍ കണ്ണ് തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണം.

??തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നത് ചൊറിച്ചിലും എരിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.

??അലര്‍ജി സാധ്യതയുള്ളവര്‍ ചൂടുകാലവും തണുപ്പ് കാലവും പെട്ടെന്ന് മാറുന്ന മാസങ്ങളില്‍ ഇരുചക്രവാഹനത്തിലുള്ള യാത്ര ഒഴിവാക്കുന്നത് പരിഗണിക്കേണ്ടതാണ്.

??ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ മുഖാവരണം ഉള്ള ഹെല്‍മെറ്റ്, കണ്ണട, മാസ്‌ക് എന്നിവ ധരിക്കുന്നത് അലര്‍ജി വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

??ആന്റിഹിസ്റ്റാമിനുകള്‍ ഉപയോഗിക്കുന്നവര്‍ വാഹനം ഓടിക്കുമ്പോഴും മെഷീനുകള്‍ പ്രവര്‍ത്തിക്കുമ്പോഴും സൂക്ഷിക്കണം, കഴിയുമെങ്കില്‍ ഒഴിവാക്കണം.

ഇനിയിപ്പോ അലര്‍ജി കണ്ടു പിടിക്കാന്‍ വല്ല ടെസ്റ്റും ഉണ്ടോ…???

അലര്‍ജി പരിശോധനകളെ പറ്റി വിശദമായ ഒരു പോസ്റ്റ് ഇന്‍ഫോ ക്ലിനിക്കിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്, ഉടന്‍ തന്നെ പ്രതീക്ഷിക്കാം..

എഴുതിയത്

Dr Aswini Ranganath Dr Jaffar Basheer Dr Navajeevan Navalayam
Info Clinic
#285
#Allergy
#അലര്‍ജി

Related posts