റഷ്യയില്‍ കണ്ട ആരാധകന്‍ ഈജിപ്റ്റുകാരന്‍ ! സമകാലീന മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം; വിദേശി ആരാധകനെക്കുറിച്ച് പൃഥിരാജ് പറയുന്നതിങ്ങനെ…

നടന്‍ പൃഥിരാജ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് ശ്രദ്ധേയമായിരുന്നു. താന്‍ നേരിട്ട ഏറ്റവും രസകരമായ അനുഭവം എന്നു പറഞ്ഞാണ് പൃഥി പോസ്റ്റിട്ടത്. റഷ്യയിലെ ഷൂട്ടിംഗ് സമയത്ത് പാതിരാത്രിയില്‍ കബാബ് കടയില്‍ പോയതും അവിടെ കൗണ്ടറില്‍ നിന്നയാള്‍ ‘കൂടെ’ എന്ന ചിത്രം കണ്ടു എന്ന് പറഞ്ഞതുമൊക്കെയാണ് താരം ട്വിറ്ററില്‍ കുറിച്ചത്. കൗണ്ടറില്‍ നിന്നയാള്‍ എന്ന് മാത്രമാണ് പൃഥ്വിരാജ് പറഞ്ഞത്. സ്വാഭാവികമായും അത് മലയാളിയല്ലേ എന്ന ചോദ്യങ്ങള്‍ ഉണ്ടായി. എന്നാല്‍ അത് മലയാളി അല്ല, ഈജിപ്ഷ്യന്‍ ആണ് എന്നൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

”ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവരോടുമായി പറയട്ടെ… കബാബ് കടയില്‍ കണ്ടയാള്‍ ഈജിപ്ഷ്യന്‍ ആണ്. അയാളുടെ തന്നെ ഭാഷയില്‍ (ഈജിപ്ഷ്യന്‍ സബ്‌ടൈറ്റില്‍ വരുന്നത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല) ഉള്ള സബ്‌ടൈറ്റിലുകളുടെ സഹായത്തോടെയാണ് ആ സിനിമകള്‍ കണ്ടിട്ടുള്ളത്. സമകാലിക മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം,” പൃഥ്വിരാജ് ട്വിറ്ററില്‍ പറഞ്ഞു. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ‘ലൂസിഫറി’ന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് താരം റഷ്യയില്‍ ഉള്ളത്. അവിടെ നേരിട്ട സന്തോഷകരമായ ഒരനുഭവത്തെക്കുറിച്ച് പൃഥ്വി ഇന്നലെ പറഞ്ഞതിങ്ങനെ.

”പാതിരാത്രി, റഷ്യയിലെ ഏതോ ഒരിടം… നല്ല ജോലിത്തിരക്കുള്ള ഒരു ദിവസത്തിന് ശേഷം, നിങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി ചെല്ലുന്നു. കയറിച്ചെല്ലുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്… ‘ഞാനും ഭാര്യയും ‘കൂടെ’യുടെ ആരാധകരാണ് കേട്ടോ’… നിങ്ങള്‍ എങ്ങനെയാണ് ‘കൂടെ’ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. എന്നിരുന്നാലും അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു,” പൃഥ്വിരാജ് ട്വിറ്ററില്‍ കുറിച്ചു. നസ്രിയ, പൃഥ്വിരാജ്, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കൂടെ’. പൃഥ്വിയുടെ നൂറാം ചിത്രം കൂടിയായിരുന്നു ഇത്.

Related posts