രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ല! മുന്നറിയിപ്പുമായി പ്രിയദര്‍ശന്‍

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച “കുഞ്ഞാലിമരയ്ക്കാർ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് എട്ടു മാസത്തിനുള്ളിൽ ആരംഭിച്ചില്ലെങ്കിൽ മോഹൻലാലിനെ നായകനാക്കി താൻ തീരുമാനിച്ച “കുഞ്ഞാലിമരയ്ക്കാർ’ തുടങ്ങുമെന്ന് പ്രിയദർശൻ. കുഞ്ഞാലിമരയ്ക്കാർമാരുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയദർശനും സന്തോഷ് ശിവനും സിനിമയൊരുക്കുന്ന എന്ന വാർത്തകൾ കുറച്ചുനാളായി പ്രചരിച്ചിരുന്നു. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ ഷൂട്ടിംഗ് അടുത്ത വർഷം ഏപ്രിലിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ ലഭിച്ചിരുന്നു.

ഇതിനിടയാണ് മലയാളത്തിന് രണ്ടു കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ലെന്നും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ ഒരുങ്ങുകയാണെങ്കിൽ തന്‍റെ പ്രോജക്ട് ഉപേക്ഷിക്കുകയാണെന്നും പ്രിയദർശൻ പ്രഖ്യാപിച്ചത്. മാത്രമല്ല, ഹിന്ദി ചിത്രങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താൻ തിരക്കാണെന്നും പ്രിയദർശൻ പറഞ്ഞിരുന്നു.

ഇപ്പോഴിത ചിത്രത്തെ സംബന്ധിച്ച മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്. പ്രിയദർശന്‍റെ വാക്കുകൾ ഇങ്ങനെ. “മൂന്നു വർഷങ്ങൾക്കു മുന്പ് കുഞ്ഞാലിമരയ്ക്കാരുടെ പ്രോജക്ട് ചെയ്യാൻ പദ്ധതിയുണ്ടെന്ന് അവർ എന്നോടു പറഞ്ഞിരുന്നു. ഇതുവരെയും അതിന് പുരോഗമനമൊന്നും കണ്ടില്ല. ഇനി ആറ് അല്ലെങ്കിൽ എട്ട് മാസങ്ങൾകൂടി ഞാൻ കാത്തിരിക്കും. അവർ വീണ്ടും വൈകിപ്പിക്കുകയാണെങ്കിൽ ഞാൻ ഉറപ്പായും എന്‍റെ പ്രോജക്ടുമായി മുന്നോട്ടുപോകും. പ്രഖ്യാപിച്ച പ്രോജക്ടുമായി അവരും മുന്നോട്ടു പോകുകയാണെങ്കിൽ തീരുമാനിച്ച പ്രോജക്ട് ഉപേക്ഷിക്കാൻ താൻ തയാറാണ്. കാരണം സിനിമ മേഖലയിൽ അനാരോഗ്യകരമായ മത്സരത്തിന്‍റെ ആവശ്യമില്ല’.

2002-ൽ അജയ് ദേവ്ഗണിനെ നായകനാക്കി രാജ് കുമാർ സന്തോഷി സംവിധാനം ചെയ്യ്ത “ദ് ലെജൻഡ് ഓഫ് ഭഗത് സിംഗും’ ബോബി ഡിയോളിനെ നായകനാക്കി ഗുഡ്ഡു ധനോവ സംവിധാനം ചെയ്യ്ത “23 മാർച്ച് 1931: ഷാഹീദ്’ എന്നീ ചിത്രങ്ങളാണ് ഇതിനുദാഹരണമായി പ്രിയദർശൻ എടുത്തുകാട്ടിയത്. കാരണം ഇന്ത്യയുടെ സ്വതന്ത്രത്തിനായി പോരാടിയതിന് ബ്രിട്ടീഷുകാർ വധിച്ച ചരിത്രപുരുഷൻ ഭഗത് സിംഗിന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഈ രണ്ടു ചിത്രങ്ങളും തികഞ്ഞ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലപാട് വ്യക്തമാക്കി പ്രിയദർശൻ രംഗത്തെത്തിയതോടെ സന്തോഷ് ശിവന്‍റെ പ്രോജക്ടിലേക്കാണ് ഇനി എല്ലാ കണ്ണുകളും.

Related posts