കേരളത്തിലെ ഉന്നത സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായ് കമ്പനി; തട്ടിയെടുത്ത 13 കോടി തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി

ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നതനായ സിപിഎം നേതാവിന്റെ മകനെതിരേ ഗുരുതര ആരോപണങ്ങളുമായി ദുബായിലുള്ള കമ്പനി രംഗത്ത്. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 13 കോടി രൂപ തട്ടിയെന്നാണ് ആരോപണം. പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി ഇടപെടണമെന്നാണ് കമ്പനിയുടെ ആവശ്യം. നേതാവിന്റെ മകന്‍ ചെക്കുകള്‍ കമ്പനിയ്ക്കു നല്‍കിയെങ്കിലും ആ ചെക്കുകള്‍ മടങ്ങിയതോടെയാണ് ആള്‍ ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

മകന്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് നേതാവുമായി ചില ദൂതന്മാര്‍ മുഖേന കമ്പനി ചര്‍ച്ച നടത്തിയിരുന്നു.പണം തിരികെ നല്‍കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും ഒന്നും നടന്നില്ല. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും(7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും കൈമാറിയെന്നാണ് കമ്പനിയുടെ നിലപാട്. പണം 2016 ജൂണ്‍ ഒന്നിനു മുമ്പ് തിരിച്ചു നല്‍കുമെന്ന ഉറപ്പിലാണ് കൈമാറിയത്. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്ക് വച്ച് മുടങ്ങിയപ്പോള്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 2,09,704 ദിര്‍ഹമാണ്(36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കൂടി ചേര്‍ത്താണ് 13 കോടി രൂപയുടെ കണക്ക്.

ഇതു കൂടാതെ അഞ്ച് ക്രിമിനല്‍ കേസുകള്‍കൂടി നേതാവിന്റെ മകനെതിരേയുണ്ടെന്നും തങ്ങളില്‍ നിന്നു പണം വാങ്ങിയത് നല്ല ഉദ്ദേശ്യത്തോടെയല്ല എന്നു വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങളെന്നും കമ്പനി ആരോപിക്കുന്നു. ഒരു വര്‍ഷമായി ഇയാള്‍ ദുബായില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും വിവരമുണ്ട്. ഒന്നുകില്‍ ഇയാള്‍ കോടതിയില്‍ ഹാജരാകണം അല്ലെങ്കില്‍ പണം തിരികെ നല്‍കണം. ഇതു രണ്ടുമുണ്ടായില്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുമ്പോട്ടു പോകും. ഇതു പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് കമ്പനിയുടെ ശ്രമം.തിരിച്ചടവിനത്തില്‍ നേതാവിന്റെ മകന്‍ നല്‍കിയ രണ്ടു കമ്പനിച്ചെക്കുകളും ഒരു വ്യക്തിഗത ചെക്കും മടങ്ങിയിരുന്നു. ദുബായ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും പണം ലഭ്യമാക്കാന്‍ ഇടനില നിന്ന മലയാളിയും പിതാവും നേതാവിനെ കണ്ട് മകന്റെ വഞ്ചന പറഞ്ഞപ്പോള്‍ എല്ലാം ശരിയാക്കാം എന്നായിരുന്നു നേതാവ് നല്‍കിയ ഉറപ്പ്.

Related posts