തിരുവല്ല: പുഞ്ചകൃഷിക്ക് നിലമൊരുക്കി കാത്തിരുന്നിട്ടും വിത്ത് ലഭ്യമാകാത്തതിന്റെ ആശങ്കയിൽ അപ്പർ കുട്ടനാട് കർഷകർ. തുലാം പകുതി കഴിഞ്ഞിട്ടും വിത്ത് ലഭ്യമാക്കാൻ കൃഷിവകുപ്പിനായിട്ടില്ല.വിതയിറക്കാന്‍ പാകത്തില്‍ അപ്പർകുട്ടനാടൻ മേഖലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും ഒരുക്കിയിട്ടിരിക്കുകയാണ്. മാസങ്ങൾക്കു മുന്‍പ് കൃഷിക്കുള്ള ഒരുക്കം കർഷകർ ആരംഭിച്ചതാണ്. ഇതിനിടെയിൽ അപ്രതീക്ഷിതമായി മഴ പെയ്തു.
മഴ മാറിയതോടെകൃഷിയിടം ഉണങ്ങി കള കിളിര്‍ത്താല്‍ അതു നശിപ്പിച്ചു വീണ്ടും വെള്ളം കയറ്റേണ്ടി വരുന്നതു കർഷകർക്കു നഷ്ടമാകും.ഇതിനാല്‍ വെള്ളം കയറ്റാന്‍ പല പാടശേഖര സമിതികളും മടിക്കുകയാണ്. കൂടാതെ കഴിഞ്ഞ പുഞ്ചക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചതോടെയാണു കാലേകൂട്ടി വിതയിറക്കാന്‍ കര്‍ഷകര്‍ തയാറായത്.
എന്നാല്‍ വിത്ത് ലഭിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. സാധാരണയായി സെപ്റ്റംബര്‍ അവസാന വാരത്തിലോ ഒക്ടോബര്‍ ആദ്യവാരത്തിലോ വിത്ത് ലഭിക്കുകയാണു പതിവ്. എന്നാല്‍ ഇതുവരെയായിട്ടും ഇവിടെ വിത്ത് ലഭിച്ചിട്ടില്ല. വിത്ത് ലഭിച്ചാല്‍ ഉടന്‍ വിതയ്ക്കാനും കര്‍ഷകര്‍ തയാറാണ്. താമസിച്ചാല്‍ കളയുടെയും ഉപ്പിന്റെയും ഭീഷണി കര്‍ഷകരെ സാമ്പത്തിക ബാധ്യതയിലേക്കു തള്ളിവിടും.
എന്നു വിത്തു ലഭിക്കുമെന്നു പോലും മറുപടി പറയാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്നില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. കൃഷിയിടം ഒരുക്കി വിതയ്ക്കാന്‍ പാകമാക്കിയ പാടശേഖരങ്ങളില്‍ സമയത്തു വിതയിറക്കിയില്ലെങ്കില് കള കിളിര്ക്കുമെന്നതാണു കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കാൻ കഴിയുന്ന വിത്തുകളാണ് മുൻകാലങ്ങളിൽ എത്തിച്ചിരുന്നത്.കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ വലിയതോതിൽ വെല്ലുവിളി നേരിടുകയാണ്. ഇക്കാരണത്താൽ സമയബന്ധിതമായി കൃഷി പൂർത്തീകരിക്കണമെങ്കിൽ വകുപ്പിന്റെ പിന്തുണയും വേണം.

