പുറ്റിംഗല്‍ വെടിക്കെട്ടപകടം ; പിടിച്ചെടുത്ത വന്‍ സ്‌ഫോടകശേഖരം ഇനിയും നശിപ്പിച്ചില്ല

KLM-PUTTINGALകഴക്കൂട്ടം: പുറ്റിംഗല്‍ ദുരന്തത്തെ തുടര്‍ന്ന് കരാറുകാരനായ സുരേന്ദ്രനാശാന്റെ കഴക്കൂട്ടത്തു പ്രവര്‍ത്തിക്കുന്ന ഗോഡൗണില്‍ നിന്നും പോലീസ് പിടിച്ചെടുത്തു സീല്‍ ചെയ്ത പടക്കശേഖരവും രാസവസ്തുക്കളും ഇനിയും നിര്‍വീര്യമാക്കത്തത് ദുരന്ത ഭീഷണി ഉയര്‍ത്തുന്നു.കഴിഞ്ഞ ഏപ്രില്‍ 10നായിരുന്നു രാജ്യത്തെ ഞെട്ടിച്ച് കൊണ്ടു് 112 പേര്‍ മരിക്കാനിടയായ സ്‌ഫോടനം നടന്നത്.   അന്ന് ഉച്ചയോടെ തന്നെ വെടിക്കെട്ടിന് നേതൃത്വം നല്കിയ മത്സര കമ്പ  കരാറുകാരില്‍ ഒരാളായ കഴക്കൂട്ടം സുരേന്ദ്രന്‍ ആശാന്റെ കഴക്കൂട്ടം ജംഗ്ഷനിലുള്ള മഹാദേവ ബില്‍ഡിംഗില്‍ പോലീസ് പരിശോധന ന്നടത്തുകയും ഇവിടെ പലയിടങ്ങളിലായി സൂക്ഷിച്ചിരുന്ന വന്‍ പടക്കനിര്‍മാണ ശേഖരം കണ്ടെത്തുകയും ചെയ്തിരുന്നു.

അന്ന് പോലീസ് പിടിച്ചെടുത്ത സ്‌ഫോടകശേഖരം കെട്ടിടത്തിന്റെ മുകളിലത്തെ മുറിയില്‍ സൂക്ഷിച്ച ശേഷം സീല്‍ ചെയ്തങ്കിലും ഇന്നേവരെ ഇത് നശിപ്പിക്കുന്ന നടപടികളുമായി പോലീസ് മുന്നോട്ട് പോയിട്ടില്ല. മാസങ്ങളോളം ഈ കെട്ടിടത്തില്‍ പോലീസ് കാവലേര്‍പ്പെടുത്തിയിരുന്നെങ്കിലും നിലവില്‍ ഇത് പോലും പിന്‍വലിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും സ്‌ഫോടകശേഖരം നിര്‍വീര്യമാക്കുന്ന സംഘം വന്നാല്‍  മാത്രമെ പിടിച്ചെടുത്ത പടക്കങ്ങള്‍ നിര്‍വീര്യമാക്കാന്‍ കഴിയു എന്നാണ് പോലീസിന്റെ മാസങ്ങളായിട്ടുള്ള മറുപടി.

എന്നാല്‍ ഇതിന്റെ വിദഗ്ധരെ കൊണ്ട് വന്ന് സ്‌ഫോടകശേഖരം നശിപ്പിക്കുവാനുള്ള യാതൊരു നടപടിയും  ജില്ലാ ഭരണകൂടമോ പോലീസോ നടത്തിയിട്ടില്ല . ഈ കെട്ടിടത്തില്‍ ഹോട്ടല്‍, പ്രസ്, സ്റ്റുഡിയോ, പത്രം ഓഫീസ്  ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ കെട്ടിടത്തിന്റെ തൊട്ടടുത്തായി ടെക്സ്റ്റയില്‍സ്, ആര്‍ടി ഓഫീസ് ബാങ്കുകള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളാണ്  പ്രവര്‍ത്തിച്ച് വരുന്നത് .

ഇവിടെ വലിച്ചെറിയുന്ന സിഗരറ്റ് കുറ്റിയില്‍ നിന്നോ തീപ്പൊട്ടി കൊള്ളിയില്‍ നിന്നോ  തീപ്പൊരി പടര്‍ന്നാല്‍ പുറ്റിങ്ങള്‍ ദുരന്തത്തെക്കാള്‍ മാരകമായിരിക്കും കഴക്കൂട്ടത്തു  സംഭവിക്കുന്നത്. മാത്രമല്ല ഒരു പ്രത്യേക കാലാവധിയില്‍ കൂടുതല്‍ സൂക്ഷിക്കുന്ന വെടിമരുന്നും സ്‌ഫോടകശേഖര വസ്തുക്കളും തീപ്പൊരി വീണില്ലങ്കില്‍ കൂടി പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.നിര്‍വീര്യമാക്കുന്ന വിദഗ്ധരുടെ സേവനം നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അധീനതയില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടകശേഖരം തങ്ങള്‍ നശിപ്പിക്കാന്‍ അധികാരമില്ലന്നുമാണ് കഴക്കൂട്ടം പോലീസ് പറയുന്നത്.

Related posts