നോട്ട്, റേഷന്‍കാര്‍ഡ്, കരിങ്കല്‍ക്വാറി : സമസ്ത മേഖലകളിലുമുണ്ടായ സ്തംഭനം ജന ജീവിതം ദുരിതപൂര്‍ണമാക്കി

TVM-RUPEESകൊട്ടാരക്കര: നോട്ടുനിരോധനവും റേഷന്‍കാര്‍ഡ് പുതുക്കലും കിരിങ്കല്‍ക്വാറി നടത്തിപ്പിലെ നിയമ പ്രശ്‌നങ്ങളും ജനജീവിതം ദുരിതപൂര്‍ണമാക്കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സംഘര്‍ഷത്തിലും സാധാരണക്കാര്‍ വലയുകയാണ്. സമസ്ത മേഖലകളിലുമുണ്ടായ സ്തംഭനത്തോടൊപ്പം വിലക്കയറ്റവും ജനജീവിതത്തെ വലയ്ക്കുന്നു. പൊടുന്നനെയുണ്ടായ നോട്ട് നിരോധനം സാധാരണജനങ്ങളെയാണ് ഏറെ ബാധിച്ചത്. അധികസമ്പാദ്യമൊന്നുമില്ലാത്ത ഇക്കൂട്ടര്‍ സ്വരൂപിച്ചുവച്ചിരുന്ന ചെറിയ തുകകള്‍ മാറ്റിയെടുക്കാന്‍ കഷ്ടപ്പെടുകയാണ്.

സഹകരണബാങ്കുകളെ ആശ്രയിച്ച് വായ്പയും സമ്പാദ്യവും നടത്തിവന്നിരുന്ന ബഹുഭൂരിപക്ഷംപേര്‍ക്കും നോട്ടുമാറ്റാന്‍ സംവിധാനമില്ലാതെ വന്നത് തിരിച്ചടിയായി. വലിയ ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കേണ്ടിവന്നപ്പോള്‍ വീട്ടുകാര്യങ്ങളും തൊഴിലും മുടങ്ങിയത് വരുമാനത്തേയും പ്രതികൂലമായി ബാധിച്ചു. ഉള്ളസമ്പാദ്യം തിരിച്ചെടുക്കാന്‍ കഴിയാതെ വന്നതും ഇവരുടെ ജീവിതം ദുസഹമാക്കി. ഇതോടൊപ്പം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉണ്ടായ വില തകര്‍ച്ചയും കര്‍ഷകകുടുംബങ്ങളെ തളര്‍ത്തി. സാമ്പത്തിക പ്രതിസന്ധിമൂലം വിവാഹം ഉള്‍പ്പടെ മാറ്റിവച്ച നിരവധി കുടുംബങ്ങള്‍ ഗ്രാമപ്രദേശങ്ങളിലുണ്ട്. റേഷന്‍കാര്‍ഡ് ശരിയാക്കി കിട്ടാനുള്ള സാധാരണക്കാരന്റെ ഓട്ടം ഇതിന് മുമ്പേ ആരംഭിച്ചതാണ്.

ഇനിയും അത് അവസാനിച്ചിട്ടില്ല. റേഷന്‍കാര്‍ഡ് പുതുക്കലിന്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍  നിരവധി  അപാകതകളാണ് കടന്നുകയറിയത്.ബിപില്‍ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ട പലരും എപിഎല്ലുകാരായി. മറിച്ചും സംഭവിച്ചിട്ടുണ്ട്. പേരും വീട്ടുപേരും വീട്ടുനമ്പരും വരുമാനവുമൊക്കെ മാറിപോയിട്ടുള്ളതും നിരവധിയാണ്.ഇത് ശരിയാക്കികിട്ടാന്‍ ഒരു മാസത്തിലധികമായി ഈ കുടുംബങ്ങള്‍ സപ്ലൈ ഓഫീസിലും വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലും കയറിയിറങ്ങിനടക്കുകയാണ്. അത് ഇനിയും അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ റേഷന്‍വിതരണവും താളം തെറ്റി.

അരിവിതരണം നിലച്ചിട്ട് ആഴ്ചകളായി. കേന്ദ്രം യഥാസമയം അരിതരുന്നില്ലെന്ന് സംസ്ഥാനവും ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിലെ അപാകതയാണ് അരിവിതരണത്തിന് തടസമെന്ന് കേന്ദ്രവും പരസ്പരം പഴിചാരുന്നു. മാവേലി സ്റ്റോറുകള്‍ വഴി 25 രൂപയ്ക്ക് ലഭിച്ചിരുന്ന അരിയുടെ വിതരണവും നിലച്ചിരിക്കുകയാണ്. പൊതുവിപണയില്‍ ഇതുമൂലം അരിയുടെയും മറ്റ് സാധനങ്ങളുടെയും വില അനുദിനം വര്‍ധിക്കുന്നു. ജില്ലയിലെ പ്രധാന തൊഴില്‍മേഖലകളിലൊന്നായ കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനവും നിലച്ചു. ചെറുകിട ക്വാറികള്‍ക്ക് ഉള്‍പ്പടെ പാരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെതുടര്‍ന്നാണിത്.

ജില്ലയില്‍ ചെറുകിട ക്വാറികളാണ് പ്രവര്‍ത്തിക്കുന്നതിലധികവും. പാരിസ്ഥിതികാനുമതിയുടെ നിബന്ധനകള്‍ നിര്‍ബന്ധമാക്കിയാല്‍ ഇവയ്ക്ക് ഒന്നുംതന്നെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ചെറുകിട ക്വാറികള്‍ ജനവാസകേന്ദ്രത്തില്‍നിന്നും 100 മീറ്റര്‍ അകലെയായിരിക്കണമെന്നതായിരുന്നു നിയമം. എന്നാല്‍ പാരിസ്ഥിതികാനുമതി ലഭ്യമാകണമെങ്കില്‍ ക്വാറി ജനവാസ കേന്ദ്രത്തില്‍നിന്നും 500 മീറ്റര്‍ അകലത്തായിരിക്കണം. ഇതുമൂലം ഒരു ചെറുകിട ക്വാറിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഈ മേഖലയിലും അനുബന്ധമേഖലകളിലുമായി ആയിരക്കണക്കിന് ആളുകളാണ് ഇതുമൂലം തൊഴില്‍ രഹിതരായിട്ടുള്ളത്. കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞത് നിര്‍മാണമേഖലയേയും തളര്‍ത്തി. സമസ്തമേഖലകളും സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

Related posts