പരിയാരം: കോരന്‍പീടികയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പ് സിഐ പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ ഇന്ന് പുലർച്ചെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. കോരന്‍പീടികയിലെ മാടാളന് വള്ളിയോട്ട് ഉമീർ, റഹീസ്, റമീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വീട്ടുവാതില്‍ തകര്‍ത്ത് അകത്തുകയറി മാട്ടൂല്‍ സ്വദേശി വി.വി.റസാഖിനെ (32) മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. റസാഖ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
ഒരു വര്‍ഷത്തോളമായി തുടരുന്ന കുടിപ്പകയുടെ ഭാഗമായി നാല് ലക്ഷം രൂപയ്ക്കാണ് റസാഖിനെ വധിക്കാന്‍ ക്വട്ടേഷനെടുത്തതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം. ഇരുസംഘങ്ങളുടെ കുടിപ്പകയെതുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകടന്ന് കുടുംബാംഗങ്ങളുടെ കണ്മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊല്ലാനായിരുന്നു സായുധസംഘത്തിന്റെ ശ്രമം. ഇരുമ്പുവടിയുടെ അടിയേറ്റ ഭാര്യാ സഹോദരന് റഫീഖി (29) നെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്. കൈകള്‍ക്കും പുറത്തും കാലിനും ആഴത്തില്‍ വെട്ടേറ്റ റസാഖിന്റെ നില ഗുരുതരമായി തുടരുകയാണ്.
വെട്ടേറ്റ് അറ്റുപോയ വലത് കൈവിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിചേര്‍ത്തിട്ടുണ്ട്. റസാഖിനെ ആദ്യം പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും നില വഷളായതിനെതുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റസാഖിന്റെ ഭാര്യ ആബിദ (26), ആബിദയുടെ പിതാവ് കോരന്‍പീടികയിലെ പുളുക്കൂല്‍ ബഷീര്‍ (52), ഉമ്മ സക്കീന (43) എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
കഴിഞ്ഞദിവസം ഗള്‍ഫില്‍ നിന്നെത്തിയ പുളുക്കൂല്‍ റഫീഖിനെയും ഉപ്പ ബഷീറിനെയും വ്യാഴാഴ്ച രാത്രി എട്ടോടെ കോരന്‍പീടിക ജുമാമസ്ജിദില്വച്ച് ഒരു സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബഷീറിന്റെ വീട്ടില്‍കടന്ന് റസാഖിനെ വധിക്കാന്‍ ശ്രമം നടന്നത്. 2016 സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെ പരിയാരം കൊട്ടിയൂർ നന്മടം ക്ഷേത്രത്തിന് സമീപം പോത്തുകളെ കയറ്റിയ ലോറി മറിഞ്ഞ് ചിതറിയോടിയ പോത്തുകളില്‍ ചിലതിനെ കാണാതാവുകയുമുണ്ടായി.
ഇതിലൊന്നിനെ ബക്കളം എം അബ്ദുള്‍ഖാദര്‍ കൊലക്കേസിലും പരിയാരം എസ്ഐ കെ.എം. രാജനെ വധശ്രമകേസിലും പ്രതിയായ എം.വി.ലത്തീഫിന്റെ സഹോദരനായ ഉമീറും സംഘവും തട്ടിയെടുത്തതാണ് ഇരുസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയായി വളര്‍ന്നത്. തുടര്‍ന്ന് അരങ്ങേറിയ നിരവധി അനിഷ്ടസംഭവങ്ങളില്‍ മൂന്നാമത്തെ വധശ്രമക്കേസാണ് ഇപ്പോഴത്തെത്. പഴയങ്ങാടിയില്‍ റസാഖിനെയും ഡിസംബറില്‍ ഉമീറിനെ മാട്ടൂലിലുംവച്ച് വെട്ടിക്കൊല്ലാന്‍ ശ്രമം നടന്നിരുന്നു.
റസാഖിനെ അക്രമിച്ച സംഘത്തില്‍ വായാട് അബ്ദുള്‍ഖാദര്‍ വധക്കേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി എട്ട് മുതല്‍ തന്നെ സംഘര്‍ഷമുള്ള വിവരം പരിയാരം പോലീസില്‍ അറിയിച്ചിട്ടും പോലീസ് ജാഗ്രത പുലര്‍ത്തിയില്ലെന്ന് പരാതികളുയര്‍ന്നിട്ടുണ്ട്. പ്രിന്‍സിപ്പല്‍ എസ്ഐ പരിശീലനത്തിന് തൃശൂരില്‍ ആയതിനാല്‍ സ്റ്റേഷന് ചുമതല വഹിച്ചിരുന്ന ഗ്രേഡ് എസ്ഐക്കെതിരെ വകുപ്പുതലത്തില്‍ നടപടി ഉണ്ടാകുമെന്ന് സൂചനയുണ്ട്.