പള്‍സര്‍ സുനിയെ കൊന്നു കളയാന്‍ ക്വട്ടേഷന്‍; ഏറ്റെടുത്തത് കോയമ്പത്തൂരിലെ സംഘം; പള്‍സര്‍ കീഴടങ്ങിയത് എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭയത്താല്‍

pulserപള്‍സര്‍ സുനിയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നതായി വിവരം. കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനി പോലീസിനു കീഴടങ്ങിയത് മരണഭയത്താലെന്ന് വിവരം. സുനിയെ വധിക്കാന്‍ കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി എത്തിയില്ലെങ്കില്‍ ഒരു പക്ഷെ അതിന് മുമ്പ് ഇയാളെ വകവരുത്താനായിരുന്നു പദ്ധതി. ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് വിവരം. റിമാന്‍ഡിലായി ഒരുമാസത്തിനു ശേഷമാണ് ജയിലില്‍ വച്ച് സുനി ഇക്കാര്യം കൂട്ടുപ്രതികളോടു വെളിപ്പെടുത്തിയിരുന്നു. കീഴടങ്ങാന്‍ പ്രതിയെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇത് തന്നെയാണ്.

കോയമ്പത്തൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിജീഷിനുള്ള അടുപ്പമാണ് ഒളിവില്‍ കഴിയുമ്പോള്‍ സുനിയ്ക്കു രക്ഷയായത്. തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിനു ലഭിച്ച ക്വട്ടേഷന്‍ വിജീഷിനു ചോര്‍ന്നു കിട്ടിയതോടെ എത്രയും വേഗം കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള നീക്കം നടന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ കൊടുത്തത് ആരാണെന്നും പോലീസുനു വിവരം കിട്ടിയതായാണ് സൂചന.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയുമായി ബന്ധപ്പെട്ടത്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്നാണ് പ്രതീഷ് ചാക്കോ പോലീസിനു നല്‍കിയ മൊഴി. ഈ കേസില്‍ തെളിവ് ലഭിക്കുന്ന മുറയ്ക്ക് പ്രത്യേക കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടിയെ അക്രമിച്ച ദിവസം കാക്കനാടുള്ള ഒരു വീടിന്റെ മതില്‍ ചാടി കടന്ന് പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ വീടിന്റെ സമീപത്തു താമസിക്കുന്ന കുടുംബവുമായി നടന്‍ ദിലീപിന്റെ കുടുംബാംഗത്തിന് അടുപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പിറ്റേന്നു പുലര്‍ച്ചെ ഒളിവില്‍ പോയ സുനില്‍ 23നു വൈകിട്ടാണ് എറണാകുളത്തെ അഡീ. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങാനെത്തിയത്. അതിനു മുന്‍പ് ആലപ്പുഴയില്‍ സുനിലും വിജീഷും എത്തിയിരുന്നതായും അന്ന് തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ സുനിലിനെ വകവരുത്താന്‍ തമിഴ്‌നാട്ടിലെ ഗുണ്ടാസംഘം പിന്‍തുടരുന്നതായി വിവരം ലഭിച്ചതോടെയാണ് ഉടന്‍ കീഴടങ്ങിയത്. ഒരേസമയം തന്നെ പൊലീസിന്റെയും ഗുണ്ടകളുടെയും കണ്ണുവെട്ടിച്ചാണു സുനില്‍ കോടതിയിലെത്തിയത്. ഈ നീക്കങ്ങളും, ഗുണ്ടാസംഘങ്ങള്‍ തങ്ങളുടെ പിന്നാലെയുണ്ടെന്നുള്ള വിവരങ്ങളും വളരെ കൃത്യമായി വിജീഷിനു ലഭിച്ചു. കൂട്ടുപ്രതിയായ വിജീഷിന് പ്രത്യുപകാരമെന്ന് നിലയിലും അയാളുടെ കുടുബത്തിന് പണത്തിന് ആവശ്യം വന്നതിനാലാണ് സുനി കത്തെഴുതുന്നതും പിന്നീട് ഗൂഢാലോചനയുടെ ചുരുളുകള്‍ ഒന്നൊന്നായ് അഴിഞ്ഞതും.

സുനിയും വിജീഷും  കാക്കനാട് സബ്ജയിലില്‍  റിമാന്‍ഡില്‍ കഴിയുന്ന ഘട്ടത്തിലാണ് വിജീഷിന്റ കുടുംബത്തിനു പണത്തിന് ആവശ്യമുണ്ടായത്. തുടര്‍ന്നാണ് ക്വട്ടേഷന്‍ തുകയ്ക്കായി ദിലീപിനു കത്തെഴുതുന്നത്. വിജീഷിനു പണത്തിനുള്ള ആവശ്യം ചൂണ്ടിക്കാട്ടി സുനില്‍ ഫോണില്‍ വിളിച്ചതു നാദിര്‍ഷായെയും ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന അപ്പുണ്ണിയെയുമാണെന്ന് ഇവരുടെ സഹതടവുകാരനായ ജിന്‍സന്‍ മൊഴി നല്‍കിയിട്ടുണ്ട്. പണമാവശ്യപ്പെട്ട് അപ്പുണ്ണിയെ ഫോണില്‍ വിളിക്കുന്ന ശബ്ദരേഖ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന് എന്ന് കാണിച്ച് ഇത് തെളിവായി നല്‍കി ദിലീപ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തന്റെ ജീവന്‍ രക്ഷിച്ച വിജീഷിനെ സഹായിക്കാനുള്ള സുനിയുടെ ശ്രമങ്ങളായിരുന്നു അന്ന് നടന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ക്വട്ടേഷന്‍ കൊടുത്തയാളെ മനസിലായെങ്കിലും യാതൊരു വിവരങ്ങളും പോലീസ് പുറത്തു വിട്ടിട്ടില്ല.

Related posts