പട്ടിണിക്കിടയില്‍ കടലോരത്തിന്റെ മക്കള്‍ ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനായി പാഞ്ഞെത്തി, കേരളത്തിന്റെ കണ്ണീരൊപ്പാന്‍ എത്തുന്നത് നൂറുകണക്കിന് മത്സ്യത്തൊഴിലാളിള്‍

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങായി തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ 67 എന്‍ജിന്‍ വള്ളങ്ങളും 130 മത്സ്യത്തൊഴിലാളികളുമാണ് പ്രളയബാധിത പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പുതുക്കുറിച്ചിയില്‍നിന്നുള്ള 10 എന്‍ജിന്‍ വള്ളങ്ങളും വിഴിഞ്ഞത്തുനിന്ന് 57 എന്‍ജിന്‍ വള്ളങ്ങളും വേളിയില്‍ നിന്നുള്ള 15 വള്ളങ്ങളുമാണ് പ്രളയബാധിത പ്രദേശങ്ങളിലെത്തിച്ചേര്‍ന്നത്.

ഇതിനു ശേഷം പൂന്തുറയില്‍ നിന്നും 30 വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ദുരന്തസ്ഥലത്തേക്കു പുറപ്പെടുന്നതിനു തയാറായി നില്‍ക്കുകയാണ്. ലോറികളിലാണ് വള്ളങ്ങളും മത്സ്യത്തൊഴിലാളികളെയും പ്രളയബാധിത പ്രദേശങ്ങള്‍ക്കു സമീപമെത്തിക്കുന്നത്. വിഴിഞ്ഞത്തു നിന്നു പുറപ്പെട്ടവര്‍ പത്തനംതിട്ട, തിരുവല്ല, മാന്നാര്‍ ഭാഗങ്ങളിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബോട്ട് എത്തിക്കുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയാല്‍ രണ്ടായിരത്തിലേറെ ബോട്ടുകള്‍ എത്തിക്കാനാകുമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഓഖി ദുരന്തനിവാരണ സമിതി ജനറല്‍ കണ്‍വീണര്‍ ഫാ.തിയോ പറഞ്ഞു. ഓഖി ദുരന്തത്തില്‍ തങ്ങള്‍ ദുരിതമനുഭവിച്ചപ്പോള്‍ കേരളം കാണിച്ച സ്‌നേഹം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ മാമ്പള്ളിയില്‍ നിന്ന് 10 വള്ളങ്ങളും മരിയനാട് നിന്നു 16 വള്ളങ്ങളും വിദഗ്ധരായ മല്‍സ്യത്തൊഴിലാളികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങങ്ങള്‍ക്കായി പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. പരിപൂന്തുറ, അഞ്ചുതെങ്ങ്, തുന്പ ഉള്‍പ്പെടെ ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നുളളവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്.

Related posts