പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് രക്ഷകനായി റാഫേല്‍ നദാല്‍; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് തീര്‍ത്തും സാധാരണക്കാരനായി;കൈയ്യടിച്ച് കായികലോകം…

കേരളത്തെ പ്രളയം തകര്‍ത്തെറിഞ്ഞപ്പോള്‍ നിരവധി ആളുകള്‍ രക്ഷാപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയിരുന്നു. പല സൂപ്പര്‍താരങ്ങളും താരപരിവേഷങ്ങള്‍ പോലും ഉപേക്ഷിച്ച് സാധാരണക്കാരായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. അതു പോലൊരു പ്രളയം സ്‌പെയിനിലെ ഒരു ദ്വീപിനെ തകര്‍ത്തപ്പോള്‍ രക്ഷകനായി എത്തിയത് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലാണ്. മയോര്‍ക്ക ദ്വീപിലുണ്ടായ പ്രളയക്കെടുതികളിലാണ് നദാല്‍ നേരിട്ടു രക്ഷാപ്രവര്‍ത്തനം നടത്തിയത്.നദാലിന്റെ ജന്മസ്ഥലമാണ് മയോര്‍ക്ക.

ചൊവ്വാഴ്ച ദ്വീപിനെ പിടിച്ചുലച്ച പ്രളയത്തിനു ശേഷം റോഡിലെ ചളി നീക്കം ചെയ്യാനും വീടുകള്‍ വൃത്തിയാക്കാനുമെല്ലാം നദാല്‍ നേരിട്ടിറങ്ങുകയായിരുന്നു. തന്റെ ടെന്നീസ് അക്കാദമി വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തുറന്നു നല്‍കാനും താരം തയ്യാറായി. സ്പാനിഷ് മാധ്യമമായ എഎസ് പുറത്തു വിട്ട വീഡിയോയിലൂടെയാണ് പതിനേഴു തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരത്തിന്റെ പ്രവൃത്തി ലോകമറിഞ്ഞത്. നിരവധി ആളുകള്‍ നദാലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വരുന്നുണ്ട്.

Related posts