കൊട്ടാരക്കര : എസ് ജി കോളേജിൽ റാഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർഥിക്ക് ക്രൂരമായ മർദനമേറ്റ സംഭവത്തില്‍ സംസ്ഥാന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിഷന് ചെയര്‍പേഴ്സണ്‍ കോമള കുമാരി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തി തെളിവെടുപ്പ് നടത്തി. റാഗിങ്ങില്‍ ഗുരുതരമായി പരിക്കേറ്റ ഒന്നാം വർഷ ഡിഗ്രി ഫിസിക്സ് വിദ്യാർഥി ഗോവിന്ദമംഗലം മുല്ലശേരിൽ വീട്ടിൽ പ്രേമ മോഹനന്റെ മകന് പ്രണവ് മോഹൻ (17) ആണ് ചികിത്സയില്‍ കഴിയുന്നത്.
കോളേജില്‍ പ്രവേശനം ലഭിച്ച അഞ്ചാം ദിവസം കഴിഞ്ഞ ചൊവാഴ്ച പകൽ കോളേജ് കാമ്പസിനുള്ളിൽ ക്ലാസ് മുറിക്ക് മുന്നിൽ വച്ചാണ് സംഭവം നടന്നത് . ക്ലാസിൽ കയറാൻ ചെന്ന പ്രണവിനെ തടഞ്ഞുനിർത്തി റാഗിംഗിന് ഇരയാക്കുകയായിരുന്നു. ഷർട്ട് ഊരി ഡാൻസ് ചെയ്യാനും പാട്ടുപാടാനും റാഗിംഗ് സംഘം പ്രണവിനോട് ആവശ്യപെട്ടു .
വിസമ്മതിച്ചതിനെ തുടർന്ന് റാഗിങ്ങ് സംഘം തന്നെ കഴുത്തിനും മുതുകിനും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും കീ ചങ്ക്സ് എന്ന പേരിൽ കോളേജ് കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന സാമൂഹ്യവിരുദ്ധ സംഘമാണ് സംഭവത്തിന് പിന്നിലെന്നും പ്രണവ് കമ്മിഷന് ചെയര്‍ പേഴ്സണ്‍ കോമള കുമാരിക്ക് മുമ്പാകെ മൊഴി നല്കി.
കാമ്പസുകളിലെ ഇത്തരം പ്രവര്‍ത്തനങ്ങളെ കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുപോലുള്ള സംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. കോളേജ് മാനേജ്മെന്റിനോടും പ്രിന്പാസിളിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
മേല്‍ നടപടികള്‍ക്കായി സംസ്ഥാന ബാലവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും . ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കും. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിതെന്നും സംസ്ഥാന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിഷന് ചെയര്‍ പേഴ്സണ്‍ കോമള കുമാരി പറഞ്ഞു.