അഭിനന്ദന്‍ വര്‍ദ്ധമാന്റെ വീരകൃത്യങ്ങള്‍ ഇനി കുട്ടികള്‍ക്ക് പാഠമാകും ! വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ വീരകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍…

ജയ്പൂര്‍: ഇന്ത്യയുടെ അഭിമാനമായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ജീവിതം ഇനി പാഠപുസ്തകത്തിലും. അഭിനന്ദന്റെ വീരകൃത്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിംഗ് ദോസ്താസ്രയാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്.

അഭിനന്ദന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ജോഥ്പൂരിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാനിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ധീരതയുടെ കഥകളും ഉള്‍പ്പെടുത്തുമെന്ന് പിന്നീട് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. അഭിനന്ദന്‍ദിവസ് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രിയുടെ പോസ്റ്റ്. എന്നാല്‍ ഏതു ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ ഉള്‍പ്പെടുത്തുകയെന്ന മന്ത്രി വ്യക്തമാക്കിയില്ല.

പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം തകര്‍ത്ത മിഗ്-21 ബിസണ്‍ വിമാനം പറത്തിയത് അഭിനന്ദന്‍ ആയിരുന്നു. പിന്നീട് മിഗ്-21 തകര്‍ന്നുവീണാണ് അഭിനന്ദന്‍ പാകിസ്താനില്‍ എത്തിയത്. 60 മണിക്കൂറോളം പാകിസ്താന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ അഭിനന്ദനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോചിപ്പിച്ചത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യൂ വരിച്ച സി.ആര്‍.പി.എഫ് ജവാന്മാരുടെ കഥകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സിലബസ് റിവ്യൂ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കുകയും ചെയ്തിരുന്നു.

രാജസ്ഥാനിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് അടുത്തിടെ രണ്ട് കമ്മിറ്റികളെയാണ് വിദ്യാഭ്യാസമന്ത്രി നിയമിച്ചത്. മുന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിച്ചെന്നും ചരിത്രവും സംസ്‌കാരവും ഉന്നത വ്യക്തിത്വങ്ങളെയും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താതെ അവഗണിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസവകുപ്പ് അടുത്ത കാലത്ത് 31.5 കോടി രൂപ മുടക്കി സര്‍ക്കാര്‍ ഡിഫന്‍സ് അക്കാദമി സ്ഥാപിച്ചിരുന്നു. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള പരിശീലനമാണ് ഈ അക്കാദമിയില്‍ നല്‍കുന്നത്. ഈ മാതൃക ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും പിന്തുടരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Related posts