ദിലീപ് നിരപരാധി തന്നെ! കത്തല്ല, കുന്തം കൊണ്ടുവന്നാലും ഒന്നുമില്ല; സര്‍ക്കാരല്ല, പട്ടാളം വന്നാലും താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്ന് പിസി ജോര്‍ജ്; വനിത കമ്മീഷനെയും വെറുതേവിട്ടില്ല…

കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നിൽക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. കോട്ടയത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിച്ചവരെ കണ്ടെത്തി അവർക്ക് അർഹമായ ശിക്ഷ തന്നെ വാങ്ങി നൽകണം. ഇതിൽ ആർക്കാണ് തർക്കമെന്ന് അദ്ദേഹം ചോദിച്ചു. കേസിൽ ദിലീപ് നിരപരാധിയാണെന്നും അയാളെ കുടുക്കിയതാണെന്നുമുള്ള അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു. പോലീസ് ഇപ്പോൾ നടത്തുന്നത് കള്ള അന്വേഷണമാണ്. കേസ് അന്വേഷണത്തിന് മുഖ്യമന്ത്രി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഴിയെപോകുന്നവരെ എല്ലാം പ്രതിയാക്കുന്ന പരിപാടിയാണ് പോലീസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. താൻ പറഞ്ഞതെല്ലാം സത്യമാണ്. സർക്കാരല്ല, പട്ടാളം വന്നാലും താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കും. നടി തനിക്കെതിരേ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് ചൂണ്ടിക്കാണിച്ചപ്പോൾ കത്തല്ല, കുന്തം കൊണ്ടുവന്നാലും തനിക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വനിത കമ്മീഷന്‍റെ നടപടികളെയും കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈനെയും ജോർജ് പരിഹസിച്ചു. വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ബുദ്ധിയും ബോധവും നിയമപരിജ്ഞാനവും ഉള്ളവരെ നിയോഗിക്കണം. അല്ലാതെ ലോകത്തെല്ലാം മത്സരിച്ച് തോറ്റിട്ട് വെറുതെ ഒരു പദവി എടുത്ത് ആർക്കും നൽകരുതെന്നും താൻ ജനങ്ങൾ തെരഞ്ഞെടുപ്പ് പ്രതിനിധിയാണെന്നും പി.സി.ജോർജ് പറഞ്ഞു.

Related posts