ഇത് തികച്ചും അനീതി! ശക്തമായ പ്രതിഷേധവുമായി പൊതുജനങ്ങള്‍ രംഗത്തെത്തണം; യൂബര്‍ ഡ്രൈവറെ പിന്തുണച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്

കൊച്ചിയില്‍ യൂബര്‍ യാത്രക്കാരായ യുവതികള്‍ ചേര്‍ന്ന് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ യുവതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് കാണിച്ചുകൊണ്ട് ആക്രമണത്തിനിരയായ ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിക്കാനിരിക്കവെയാണ് യൂബര്‍ ഡ്രൈവറെ പിന്തുണച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് രംഗത്തെത്തിയത്. യുവതികളുടെ മര്‍ദ്ദനത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഷെഫീഖിനെതിരെ കേസെടുത്തത് അനീതിയാണെന്നും പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ഇതേ വാര്‍ത്തയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ട് രഞ്ജിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു’

കൊച്ചി വൈറ്റിലയില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. യുബര്‍ ഡ്രൈവറായ ഷെഫീഖിനെ കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഷെയര്‍ ടാക്‌സിയില്‍ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഷെഫീഖിനെ കല്ലിന് ഇടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ക്രൂരമായി മര്‍ദ്ദിക്കുകയും അടിവസ്ത്രം വരെ വലിച്ചു കീറുകയും ചെയ്തതിന് പലരും ദൃക്‌സാക്ഷിയാണ്. എന്നാല്‍ യുവതികള്‍ക്കെതിരെ നിസാര കുറ്റം ചുമത്തി സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയക്കുകയും ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്.

Related posts