റേഷന്‍ കടകളില്‍ ആവശ്യത്തിന് അരിയില്ല; പൊതുവിപണിയില്‍ അരിവില കുതിക്കുന്നു

KNR-RATIONമുക്കം: സംസ്ഥാനത്ത് റേഷന്‍ കടകളില്‍ ആവശ്യത്തിന് അരി ലഭിക്കാതായതോടെ പൊതുവിപണിയില്‍ അരിവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കിലോ അരിക്ക് ഏഴു രൂപയോളമാണ് വര്‍ധിച്ചത്. റേഷന്‍ കടകളില്‍ എപിഎല്‍ വിഭാഗത്തിന് അരി ലഭിക്കാത്തതും ആന്ധ്രയില്‍ നിന്ന് ആവശ്യത്തിന് അരി ലഭിക്കാത്തതുമാണ് വില വര്‍ധനവിന്റെ പ്രധാന കാരണം. കേരളത്തില്‍ ഏറ്റവും ആവശ്യക്കാരുള്ള കുറുവ അരിക്ക് രണ്ട് മാസം മുന്‍പ് 26 രൂപയായിരുന്നത് ഇപ്പോള്‍ 33 രൂപ വരെയായി ഉയര്‍ന്നു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പം വഴി രണ്ട് മാസം റേഷനരിലഭിക്കാതിരുന്നത് വില കൂടാന്‍ കാരണമായി.  സംസ്ഥാനത്തെ 60 ലക്ഷം എപിഎല്‍ കാര്‍ഡുടമകള്‍ക്ക് പുതിയ ലിസ്റ്റ് വന്നതിന് ശേഷം മാത്രമേ അരി നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. നേരത്തെ കേന്ദ്രം 20,000 ടണ്‍ അരി അഡ് ഹോക്കായി നല്‍കിയിരുന്നു എങ്കിലും അതും നിര്‍ത്തലാക്കിയിട്ടുണ്ട്.  ഇതും വില ഉയരാന്‍ കാരണമായി. പുതിയ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ മിക്ക കാര്‍ഡ് ഉടമകള്‍ക്കും കഴിഞ്ഞ മാസം ലഭിക്കേണ്ടതിന്റെ പകുതി അരി മാത്രമാണ് ലഭിച്ചത്.

ജനുവരി മാസം കഴിഞ്ഞ് ആന്ധ്രയില്‍ വിളവെടുപ്പ് തുടങ്ങിയതിന് ശേഷം മാത്രമേ വില കുറയൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്.  മലയാളികള്‍ സാധാരണയായി ഉപയോഗിക്കുന്ന മട്ട, കുറുവ, ബോധന തുടങ്ങിയ ഇനങ്ങള്‍ക്കെല്ലാം വലിയ തോതിലാണ് വില വര്‍ധിച്ചത്.  പുതിയ നിയമമനുസരിച്ച് 62 ലക്ഷം കാര്‍ഡുടമകള്‍ മുന്‍ഗണനാ പട്ടികയില്‍ പെടാത്തവരാണ്. ഇവര്‍ക്ക് മാസത്തില്‍ ഒരു കിലോ അരിക്ക് 8.90 രൂപ നല്‍കണം.

Related posts