കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചിയിലെത്തിക്കുന്നത് വീണ്ടും വൈകും.
ഇനി തെരഞ്ഞെടുപ്പിനുശേഷം മാത്രമേ പ്രതിയെ എത്തിക്കാന്‍ സാധിക്കൂവെന്നാണു അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ഈ മാസം ആദ്യം കൊച്ചിയിലെത്തിക്കാന്‍ സാധിക്കുമെന്നു കണക്കുകൂട്ടിയിടത്താണു നടപടികള്‍ നീളുന്നത്.
മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണു നിലവില്‍ പ്രതിയുള്ളത്. ഇവിടെ ഇയാള്‍ക്കെതിരെ നിരവധി കേസുകളാണുള്ളത്.
ഇതില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മുംബൈ പോലീസ് പ്രതിയെ പരപ്പന അഗ്രഹാര ജയിലില്‍ ഹാജരാക്കുന്ന മുറയ്ക്കാകും കേരള പോലീസിനു പ്രതിയെ കൈമാറൂ.
നിലവിലെ സാഹചര്യത്തില്‍ ഈ മാസം പ്രതിയെ കൊച്ചിയിലെത്തിക്കുക സാധ്യമല്ലെന്നാണു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ എട്ടിനു പ്രതിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങള്‍.
എറണാകുളം എസിജെഎം കോടതി അനുമതി നല്കിയ പ്രൊഡക്ഷന്‍ വാറണ്ട് പരപ്പന അഗ്രഹാര സൂപ്രണ്ടിനു മെയില്‍ മുഖാന്തിരവും പോസ്റ്റ് വഴിയും അധികൃതര്‍ അയച്ചിരുന്നു.
ഇതിനിടയില്‍ മുംബൈ പോലീസ് പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി വാങ്ങിയതാണു തിരിച്ചടിയായത്.
കൊച്ചിയിലെ വെടിവയ്പ്പു കേസിനു പുറമേ കാസര്‍ഗോഡ് ജില്ലയിലും പ്രതിക്കെതിരേ രണ്ടു കേസുകളുണ്ട്.
ഈ മാസം പകുതിക്കുശേഷം പ്രതിയെ എത്തിക്കാനാകുമെന്നു വീണ്ടും കണക്കുകൂട്ടിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ വൈകുമെന്നാണു ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടാണു കസ്റ്റഡിയില്‍ വിട്ടുലഭിക്കുകയെങ്കിലും മറ്റു കേസുകളിലും ഇയാളെ ചോദ്യം ചെയ്യും.
2018 ഡിസംബര്‍ 15നാണു നടി ലീന മരിയ പോള്‍ നടത്തുന്ന ‘നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ്പുണ്ടായത്. കേസിലെ മൂന്നാം പ്രതിയാണു രവി പൂജാരി.