ഇരുട്ടി വെളുത്തപ്പോള്‍ നദിക്കു നിറം ചുവപ്പ്; നാട്ടുകാര്‍ക്ക് അദ്ഭുതം

ന്യൂയോർക്ക്: നേരം ഇരുട്ടി വെളുത്തപ്പോൾ നദിയിലെ വെള്ളത്തിന്‍റെ നിറത്തിലൊരു മാറ്റം. ജലം ചുവപ്പായിരിക്കുന്നു. സൈബീരിയയിലെ മൊഹാങ് എന്ന നദിയാണ് നിറം മാറി നാട്ടുകാർക്ക് അദ്ഭുതമുളവാക്കിയത്.

ട്യൂമെൻ നഗരത്തിലെ പ്രധാന ജല സ്രോതസായ മൊഹാങ് നദിയിൽ പെട്ടെന്നുണ്ടായ നിറം മാറ്റം അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. നദിയിലെ ജലത്തിന്‍റെ സാന്പിളുകൾ എടുത്തു പരിശോധിച്ചുവെങ്കിലും നിറം മാറ്റത്തിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

എന്നാൽ സമീപത്തെ വ്യവസായ ശാലകളിൽനിന്നുള്ള മാലിന്യ നിക്ഷേപമാകാം നിറം മാറ്റത്തിന് പിന്നിലെന്നാണ് നാട്ടുകാർ കരുതുന്നത്. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങൾക്കായി നദിയിൽനിന്ന് വെള്ളമെടുക്കുന്നത് ആളുകൾ നിർത്തിവച്ചിരിക്കുയാണ്.

മഞ്ഞിനിടയിലൂടെ ഒഴുകുന്ന നദിയുടെ നിറം മാറ്റം കാണാൻ നിരവധി സഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ട്. ആകാശകാഴ്ചയിൽ ഇത് ചോരനിറമൊഴുകുന്ന ഒരു പുഴയായി മാത്രമേ തോന്നൂ.

അതേസമയം പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള വ്യാവസായിക വിപ്ലവത്തിനെതിരേ ഈ പുഴയെ സാക്ഷിയാക്കി ലോകമെന്പാടും സമരമുഖങ്ങൾ തുറക്കാനൊരുങ്ങുകയാണ് പ്രകൃതി സ്നേഹികൾ.

റിപ്പോർട്ട്: ജോർജ് തുന്പയിൽ

Related posts