ദ്രൗപതിമാര്‍ അപമാനിക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി കണ്ണുകെട്ടിയിരിക്കുന്നു; നിയമം നിയമത്തിന്റെ വഴിക്കല്ല, പിണറായിയുടെ വഴിക്കാണ് പോകുന്നതെന്ന് രമേശ് ചെന്നിത്തല

knr-remeshതൃശൂര്‍: നിയമം നിയമത്തിന്റെ വഴിക്കല്ല, പിണറായിയുടെ വഴിക്കാണ് പോകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് 25നു നടത്തുന്ന കളക്ടറേറ്റ് മാര്‍ച്ചിനു മുന്നോടിയായി ഡിസിസി നടത്തിയ ബഹുജന മാര്‍ച്ചിന്റെ പൊതുസമ്മേളനം തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കുറ്റംചെയ്തവര്‍ക്കു സംരക്ഷണം നല്കുമെന്ന സന്ദേശം പരക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

വടക്കാഞ്ചേരിയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട യുവതിക്കു മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ പ്രതികള്‍ക്ക് അവസരം ലഭിച്ചു. ഇതാണോ സ്ത്രീസംരക്ഷണം. ദ്രൗപതിമാര്‍ അപമാനിക്കപ്പെടുമ്പോള്‍ കണ്ണുകെട്ടിയിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്തുകൊണ്ട് തൃശൂരിലെ പോലീസിന് സാധിക്കുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെ കുഴപ്പമല്ല അവരെ നിയന്ത്രിക്കുന്നവരുടെ പാകപ്പിഴയാണ്.

പ്രതികള്‍ക്കു സിപിഎം രാഷ്ട്രീയ അഭയം നല്‍കുകയാണ്. സിപിഎം നേതാക്കള്‍ പറയുന്നതു മാത്രം കേട്ട് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ തൊപ്പിപോകുമെന്ന് ഓര്‍ക്കണമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. കോടതികളും പോലീസ് കംപ്ലെയിന്റ് അഥോറിറ്റിയും, മനുഷ്യാവകാശ-വനിതാ കമ്മീഷനുമെല്ലാം കണ്ണും കാതും തുറന്നിരിപ്പുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍ അധ്യക്ഷനായി. അനില്‍ അക്കര എംഎല്‍എ, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്‍, എന്‍.കെ. സുധീര്‍, യുഡിഎഫ് ചെയര്‍മാന്‍ ജോസഫ് ചാലിശേരി,  യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts